
ന്യൂറോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ കൂടി ചുമതലയേറ്റു
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ രണ്ടു പുതിയ ഡോക്ടർമാർ കൂടി ചാർജ്ജ് എടുത്തു. ഇതോടെ ഒരു ഡോക്ടർ മാത്രം ഉണ്ടായിരുന്ന ന്യൂറോളജി വിഭാഗം പൂർണസജ്ജമായി. ഉത്തര മലബാറിലെ പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതത്തെ നേരിടുന്ന കാസർകോട് ജില്ലയിൽ നിന്നുള്ള രോഗികൾക്കടക്കം ന്യൂറോ യൂണിറ്റ് കാര്യക്ഷമമാകുന്നത് ഏറെ പ്രയോജനകരമാകും.
സ്വകാര്യ ആശുപത്രികളിൽ സാധാരണക്കാരായ രോഗികൾക്ക് സാമ്പത്തിക ചിലവുകൾ ഏറെ വരുന്ന ഇ. ഇ.ജി, വീഡിയോ ഇ.ഇ.ജി, ഇ.എം.ജി, സ്ലീപ് സ്റ്റഡി , വി.ഇ.പി, നെർവ് കൺഡക്ഷൻ ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ വളരെ കുറഞ്ഞ നിരക്കിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭിക്കുന്നത്. ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ന്യൂറോളജി വിഭാഗം ഒ.പി പ്രവർത്തിച്ചുവരുന്നത്. താമസിയാതെ തന്നെ ഐ.പി ചികിത്സ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡോ.ബി.സ്മിത മേധാവി
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചു വന്ന അസോസിയേറ്റ് പ്രൊഫസർ ഡോ.ബി.സ്മിത ന്യൂറോ മെഡിസിൻ വിഭാഗം മേധാവിയായി ചുമതലയേറ്റു. ദീർഘകാലമായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ തന്നെ സേവനം തുടർന്നുവരുന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.സോണി സ്മിത, പുതുതായി ചാർജെടുത്ത അസിസ്റ്റന്റ് പ്രൊഫസർ ഡോ.അനീഷ തോമസ് എന്നിവർ കൂടി അടങ്ങുന്ന വിപുലമായ ന്യൂറോ മെഡിസിൻ വിഭാഗമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ന്യൂറോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ കൂടി ലഭിച്ചത് ഏറെ പ്രയോജനകരമാകും. ന്യൂറോ സംബന്ധമായ പരിശോധനയ്ക്ക് തലേദിവസം ഒ.പി. ടിക്കറ്റിനായി ക്യു നിൽക്കേണ്ട അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി- ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ് .
എപ്പിലപ്സി ക്ളിനിക്ക് ഈ മാസം
ഈ മാസം അവസാനത്തോടെ അപസ്മാരരോഗികൾക്കുള്ള എപിലെപ്സി ക്ലിനിക്കും ആരംഭിക്കും. ഗുരുതരമായ ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്ന സ്ട്രോക്കിനുള്ള (മസ്തിഷ്കാഘാതം) ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ പ്രത്യേക യൂണിറ്റ് തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഇതിനുള്ള നടപടികൾ മുന്നോട്ടുപോകുകയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
സ്ട്രോക്ക് യൂണിറ്റ് വന്നാൽ
ആദ്യത്തെ സുപ്രധാന മണിക്കൂറുകൾക്കുള്ളിൽ നൽകുന്ന ത്രോംബോലിസിസ് അടക്കമുള്ള ചികിത്സകൾ ലഭിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |