
തൃക്കരിപ്പൂർ: ഉപ്പു കലർന്ന ഓരു ജലത്തിന്റെ ഭീഷണി മാടക്കാലിലെ സമൃദ്ധിയ്ക്ക് പേരുകേട്ട കൃഷിയിടങ്ങളെ നാശോന്മുഖമാക്കുന്നു. ഇടകൃഷിയായി കിഴങ്ങുകളും പച്ചക്കറികളും ഇറക്കിയവർക്ക് ഉപ്പുകലർന്ന വെള്ളം കയറി വലിയ നഷ്ടമാണ് ഇത്തവണ നേരിട്ടിരിക്കുന്നത്.
ഒരുകാലത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും സജീവമായിരുന്ന മാടക്കാൽ ഗ്രാമത്തിൽ ശേഷിച്ച കൃഷിയോഗ്യമായ പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കൻ തീരദേശമായ മുള്ളിപ്പുഴ. കൃഷിയിറക്കുന്നവർക്ക് മികച്ച വിളവ് തിരിച്ചു നൽകുന്ന മണ്ണിൽ പ്രതീക്ഷയർപ്പിച്ചാണ് ഇത്തവണയും നാട്ടുകാർ വലിയതോതിൽ കൃഷി ഇറക്കിയത്. എന്നാൽ രാത്രിയിൽ ഉണ്ടാകുന്ന അസാധാരണമായ വേലിയേറ്റത്തിൽ കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതാണ് പ്രശ്നം. സ്വന്തം അദ്ധ്വാനത്തിനു പുറമേ നിലമൊരുക്കാനും വളപ്രയോഗത്തിനുമായി മുതലിറക്കിയ പണവും ഉപ്പുവെള്ളം കൊണ്ടുപോയി.
പുലർച്ചെ മൂന്നുമണിമുതലാണ് വെള്ളം കയറിതുടങ്ങുന്നത്. ആറുമണിയോടെ വെള്ളം പൂർണ്ണമായും കൃഷിയിടം മൂടും. ഏക്കർ കണക്കിന് കൃഷി ഇതിനോടകം കരിഞ്ഞുണങ്ങി. ഓരു വെള്ളത്തിൽ മുങ്ങി വിളകളും വാടി മഞ്ഞളിച്ചു. വെള്ളരിയും മധുരക്കിഴങ്ങുമാണ് പ്രദേശത്തെ പ്രധാന ഇടവേള കൃഷിയെങ്കിലും ചീരയും വാഴയും കപ്പയുമെല്ലാം ഇവിടെ മികച്ച രീതിയിൽ വിളഞ്ഞിരുന്നു.
പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും
മഞ്ഞുകാലമായാൽ വ്യക്തികളും സംഘങ്ങളും സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ഇറക്കുന്നത്.മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ഇവരെല്ലാം. പ്രാദേശികമായി തന്നെയാണ് ഇവിടത്തെ പച്ചക്കറികളും മറ്റ് വിളകളും വിറ്റു പോകുന്നത്. ഉപ്പുവെള്ളം കയറുന്നത് തുടർന്നാൽ പ്രദേശത്തെ അവസാന പുൽനാമ്പ് കൂടി കരിഞ്ഞുണങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
വെള്ളം കയറിവരും
500 മീറ്റർ
പരിഹാരം തടയണ
കായലിൽ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാൻ സംവിധാനം ഒരുക്കണമെന്ന് കർഷകർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. പഞ്ചായത്ത് നിർമ്മിച്ച് നൽകിയ തടയണ നിലവിൽ പ്രയോജനപ്പെടുന്നില്ല. പ്രദേശത്തെ രണ്ട് തോടുകൾക്ക് ഫൈബർ ഷട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത മൈനർ ഇറിഗേഷൻ വിഭാഗം പരിശോധിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അവശേഷിക്കുന്ന കൃഷിയിടങ്ങൾ സംരക്ഷിക്കാനും ഉപേക്ഷിക്കപ്പെട്ടവ പുനരുജ്ജീവിപ്പിക്കാനും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |