SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

കാൻസറിനെയും കടന്ന് നിശ്ചയദാ‍ർഢ്യം: നവനീതിന് കൂട്ടായി നാട്,​ നാടകം

navaneeth

കണ്ണൂർ: അതിജീവനത്തിന്റെ അരങ്ങിലാണ് കണ്ണൂർ കരിവെള്ളൂരിലെ നവനീത് നാരായണൻ.കാൻസർ ചികിത്സയുടെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും താൻ എഴുതി സംവിധാനം ചെയ്ത 'റേഡിയോ' എന്ന നാടകം വേദികൾ കീഴടക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ 26കാരൻ.
തലച്ചോറിന് കാൻസർ ബാധിച്ച് റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും ലോകത്ത് കഴിയുമ്പോഴാണ് തന്നെ കാണാനെത്തിയ സുഹൃത്തുക്കളോട് നവനീത് ഒരാഗ്രഹം പറഞ്ഞത്. ഒരു നാടകം എഴുതിയിട്ടുണ്ട്. അത് അരങ്ങിലെത്തിക്കണം'' ഇതുകേട്ട കൂട്ടുകാർ ഒത്തൊരുമിച്ച് റേഡിയോ അരങ്ങിലെത്തിച്ചു. ഏറ്റവുമൊടുവിൽ നാടക ഗ്രാമമായ ഉദിനൂർ തടിയൻകൊവ്വലിൽ ഒരാഴ്ച മുൻപ് നടന്ന നാടകോത്സവത്തിൽ മികച്ച ജനപ്രിയ നാടകമായും നവനീതിന്റെ റേഡിയോ തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വേദികളിൽ അവതരിപ്പിക്കാനുള്ള ക്ഷണവും ലഭിക്കുന്നുണ്ട്.

2023 ജൂലായിലാണ് കാൻസർ നവനീതിനെ ആശുപത്രിയിലാക്കിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണം കണ്ടെത്തിയപ്പോൾ കൂടുതൽ നവനീതിനെക്കാളും തളർന്നത് നാട്ടുകാരും കൂട്ടുകാരുമായിരുന്നു. നാട്ടിൽ എന്തിനുമേതിനും മുന്നിട്ടിറങ്ങുന്നതാണ് നവനീത്. നിടുവപ്പുറത്തെ നാരായണൻ-യശോദ ദമ്പതികളുടെ ഏക മകൻ കവി അഭിനേതാവ് , നാടക രചയിതാവ് എന്നിങ്ങനെ വളർന്നുവരുന്നതിനിടെയാണ് രോഗം ഭീഷണിയുമായെത്തിയത്. പിന്നാലെ ആശുപത്രി മുറിയിലേക്ക് ജീവിതം ചുരുങ്ങി. ആ മടുപ്പിൽ നിന്നാണ് റേഡിയോ പിറന്നത്.

കീമോയുടെ രണ്ടാം ഘട്ടം കഴിഞ്ഞാണ് റിഹേഴ്സൽ പൂർത്തിയാക്കി നാടകം അരങ്ങിലെത്തിച്ചത്. കീമോ,റേഡിയേഷൻ ചികിത്സ നടക്കുന്നതിനാൽ അണുബാധയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ അത്രയും ശ്രദ്ധിച്ചായിരുന്നു റിഹേഴ്സൽ ക്യാമ്പിൽ നവനീതിനെ എത്തിച്ചിരുന്നത്. ആരോഗ്യസ്ഥിതി അനുവദിക്കാത്ത സമയത്ത് നാടക പ്രവർത്തകനായ അനീഷ് ചെമ്മരത്തിയുടെ സഹായവും ലഭിച്ചു. രശാന്ത് രാജ്,അനൂപ്, ജിഷ, പ്രവീൺ, ശ്രീതു, സൂര്യ, പി.വി. സുജിത്ത്, കൃപേന്ദു, . ശശി താരാ കൂക്കാനം എന്നിവരാണ് റേഡിയോയുടെ അരങ്ങിൽ. രജീഷ് രാമൻ, ഹരിപ്രസാദ്, അജയ് തുടങ്ങിയവർ പിന്നണിയിലും.


നാട് കൂടെയാണ്

ദരിദ്ര കുടുംബാംഗമായ നവനീതിന്റെ ചികിത്സ നിലവിൽ മുന്നോട്ട് പോകുന്നത് നാട്ടുകാരുടെ സഹായത്തോടെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL