
കണ്ണൂർ : പൊലീസ് പെട്രോളിംഗ് സംവിധാനം ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പൊലീസ് ജിയോ ടാഗിംഗ് ഒരുക്കുന്നു.
സ്ഥിരം കുറ്റവാളികളെ ഉൾപ്പെടെ ഫലപ്രദമായി നിരീക്ഷിക്കാൻ ഇത് ഉപകരിക്കും. ഈ സംവിധാനം നിലവിൽ വരുന്നതോടെ ജില്ലിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാകും.
ഓരോ സ്റ്റേഷൻ പരിധിയിലുള്ള പ്രധാനപ്പെട്ട ജംഗ്ഷനുകൾ, ബാങ്ക്, എ.ടി.എം,ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബീച്ച്, പാർക്ക്, തിയറ്റർ, സർക്കാർ ഓഫീസുകൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം വേഗത്തിൽ ജിയോ ടാഗ് ഉപയോഗിച്ച് നിരീക്ഷിക്കാൻ സാധിക്കും. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വിവിധ മേഖലയിൽ പ്രശ്നങ്ങളുണ്ടായാൽ സ്ഥിരം നിയമ ലംഘകരുടെ അടുത്തേക്കും നിമിഷങ്ങൾക്കുള്ളിലെത്താൻ പൊലീസിന് കഴിയൂമെന്നതാണ് പ്രധാന സവിശേഷത. നിരീക്ഷണത്തിലുള്ളയാൾ സ്ഥലത്തില്ലെന്ന് പെട്രോളിംഗിൽ കണ്ടെത്തിയാൽ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെ പിന്തുടർന്ന് ഇവരെ കണ്ടെത്താൻ സാധിക്കും. സ്ഥലം മാറിയെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലും കുറ്റവാളികളുടെ പ്രവർത്തനമേഖലകൾ എളുപ്പം കണ്ടെത്തുന്നതിനും സംവിധാനം ഉപയോഗപ്പെടുത്താം.നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും പഴയ ബസ് സ്റ്റാൻഡ് പരിസരവുമെല്ലാം രാത്രാകാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.പലർക്കും ഇതിലൂടെ നടന്നു പോകാൻ വരെ ഭയമാണ്.പഴയ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം പേടിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തു നിൽക്കുന്നത്.
നിങ്ങൾ നിരീക്ഷണത്തിലാണ്..
സംവിധാനം നടപ്പിലാകുന്നതോടു കൂടി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ബീച്ച്, പാർക്ക്, സ്റ്റേഡിയം, തിയറ്റർ, തന്ത്രപ്രധാന സ്ഥാപനങ്ങൾ, രാത്രി മുഴുവൻ തുറന്നിരിക്കുന്ന തട്ടുകടകൾ തുടങ്ങിയവയെല്ലാം പൊലീസ് നിരീക്ഷണത്തിലാകും.
എന്താണ് ജിയോ ടാഗിംഗ്
പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് ആളുകളുടെ സ്ഥാനം കണ്ടെത്താൻ സാധിക്കുന്ന സംവിധാനം.
അക്ഷാംശ രേഖാംശ രൂപത്തിൽ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം. ലൊക്കേഷൻ അടയാളപ്പെടുത്തി ആളുകളുടെ സ്ഥാനം കണ്ടെത്താൻ സാധിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിരം കുറ്റവാളികളെ പിന്തുടരാനും കണ്ടെത്താനും ഇതിലൂടെ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |