
അഴീത്തല നിവാസികൾക്ക് നികുതി അടക്കാൻ മാത്രം പുഴ കടക്കണം
നീലേശ്വരം: ഭൂമിശാസ്ത്രപരമായി നീലേശ്വരം പ്രദേശത്തോട് ചേർന്നുനിൽക്കുന്ന തീരദേശഗ്രാമമായ അഴീത്തല സമീപകാലം വരെ പുഴക്കക്കരയുള്ള പടന്ന ഗ്രാമപഞ്ചായത്തിലായിരുന്നു. കടലും പുഴയും അതിരിടുന്ന ഈ നാടിനെ സർക്കാർ സേവനങ്ങൾക്ക് ജീവൻ പണയപ്പെടുത്തി തോണി കയറി മറുകര പിടിക്കുന്നതിലെ പ്രയാസം കണക്കിലെടുത്ത് നീലേശ്വരം ഗ്രാമപഞ്ചായത്ത് നഗരസഭയായ ഘട്ടത്തിൽ കൂട്ടിച്ചേർത്തു.എന്നാൽ പതിനാല് വർഷം കഴിഞ്ഞിട്ടും പടന്ന വില്ലേജ് ഓഫീസിന്റെ ഭാഗമായി തുടരുന്നതിനാൽ റവന്യു സംബന്ധമായ ആവശ്യങ്ങൾക്ക് പുഴ കടന്നുപോകണ്ട ദുരവസ്ഥ തുടരുകയാണ്.
2010 ലാണ് നീലേശ്വരം നഗരസഭ രൂപീകരിച്ചത് . പടന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന അഴീത്തലയെ നഗരസഭയിലെ 25ാം വാർഡാണ് നിലവിൽ ഈ പ്രദേശം. ഇതോടെ വീടും വോട്ടവകാശവും ഒക്കെ നീലേശ്വരം നഗരസഭയിലായി. എന്നാൽ ഭൂമിക്ക് കരമൊടുക്കണമെങ്കിൽ ഇവർക്ക് പുഴകടന്ന് പടന്ന പഞ്ചായത്തിലേക്ക് പോകണം.
ഭദ്രകാളി ക്ഷേത്രം മുതൽ അഴിത്തല വരെയുള്ള മുന്നൂറോളം കുടുംബങ്ങളാണുള്ളത്. താമസം നീലേശ്വരം നഗരസഭയിലും ഭൂമി പടന്ന വില്ലേജിലുമായതിനാൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പകൾ എടുക്കാൻ പോലും ഇവർ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ 14 കൊല്ലമായി ഈ ദുരിതം പേറുകയാണ് അഴിത്തലയിലെ ജനങ്ങൾ. നഗരസഭ രൂപീകരിച്ചത് മുതൽ അഴിത്തലയെ പടന്ന വില്ലേജിൽ നിന്നും ഒഴിവാക്കി നീലേശ്വരം വില്ലേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല.
ഒന്നും കാണാതെ ഫിഷറീസ് വകുപ്പ്
പിന്നാക്കാവസ്ഥയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേഖലയായാണ് അഴീത്തല. എന്നാൽ ഇവിടുത്തുകാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഫിഷറീസ് വകുപ്പും ഇടപെടുന്നില്ലെന്നാണ് ഇവരുടെ പരാതി.
കരയിലും ദുരിതയാത്ര
നഗരസഭയിൽ ഉൾപ്പെടുത്തിയെങ്കിലും നീലേശ്വരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത ദുരിതമാണ് അഴീത്തലക്കാർ അനുഭവിക്കുന്നത്. തീരദേശ മേഖലയിലേക്കുള്ള തോട്ടം ജംഗ്ഷൻ തൈക്കടപ്പുറം റോഡ് പൊട്ടിപൊളിഞ്ഞിരിക്കുകയാണ്.നിരവധി ബസുകൾ ഇതു വഴി സർവ്വീസ് നടത്തുന്നുണ്ട്. റോഡ് അറ്റകുറ്റപണി ചെയ്യാൻ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
അഴീത്തല
തേജസ്വിനി പുഴ കടലിൽ ചേരുന്ന അഴിമുഖം ഉൾപ്പെടുന്ന തീരമാണ് അഴീത്തല.അതിമനോഹരമായ പ്രകൃതിദൃശ്യമുള്ള ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |