
തലശ്ശേരി: ജില്ലാ സെഷൻസ് അടക്കം പ്രവർത്തിക്കുന്ന എട്ടുനില കോടതി സമുച്ചയം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ പരിഗണന നേടിയത് 222 വർഷം നീണ്ട തലശ്ശേരിയിലെ നീതിന്യായസംവിധാനം. ഇത്രയും ദൈർഘ്യമേറിയ കാലയളവിനുള്ളിൽ രാജ്യചരിത്രം തന്നെ നിർണയിക്കപ്പെട്ടവ അടക്കമുള്ള സുപ്രധാന വിധികൾ പുറപ്പെടുവിക്കപ്പെട്ട കോടതിയാണ് തലശ്ശേരിയിലേത്.
ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു തലശ്ശേരി.മലബാറിന് പുറമെ തിരുവിതാംകൂറിലേയും കൊച്ചിയിലേയും വിശേഷങ്ങൾ വരെ തലശ്ശേരി കോട്ടയിലെ തലവന് എത്തിക്കണമെന്നായിരുന്നു നിർദ്ദേശം.
മലബാർ കമ്മീഷന്റെ ഭരണക്രമമനുസരിച്ച് 1793ൽ തന്നെ തലശ്ശേരിയിൽ കോടതി സ്ഥാപിക്കപ്പെട്ടിരുന്നു. മലബാറിന്റെ വടക്കൻ ഭാഗത്തെ സൂപ്രണ്ടിന്റെ ആസ്ഥാനം തലശ്ശേരിയിലായിരുന്നു. നികുതിപ്പിരിവ് നീതിന്യായ അധികാരങ്ങളുള്ള വില്യം ഗാമുൾ ഫാർമർ ആയിരുന്നു അന്ന് തലശ്ശേരിയിൽ സൂപ്രണ്ട്. പിന്നീട് 1802 ലെ കോൺവാലിസ് കോഡ് പ്രകാരം തലശ്ശേരിയിൽ പ്രൊവിൻഷ്യൽ കോടതിയും ജില്ലാ കോടതിയും സ്ഥാപിക്കപ്പെട്ടു പശ്ചിമതീരത്ത് അപ്പീൽ അധികാരമുള്ള വെസ്റ്റേൺ പ്രൊവിൻഷ്യൽ കോടതിയായിരുന്നു തലശ്ശേരിയിലേത്. കൊങ്കൺ പ്രദേശങ്ങൾ, കാനറ, കുടക്, കോയമ്പത്തൂർ, കൊച്ചി മേഖലകളിലെ കീഴ്‌കോടതികളുടെ കേന്ദ്രകാര്യാലയം തലശ്ശേരിയിലെ പ്രൊവിൻഷ്യൽ കോടതിയായിരുന്നു.
അദാലത്ത് കോടതികൾ എന്നായിരുന്നു സിവിൽ കോടതികൾ അറിയപ്പെട്ടിരുന്നത്. ഏറ്റവും ഉയർന്ന സിവിൽ കോടതി സദർ അദാലത്തും ക്രിമിനൽ കോടതി ഫൗജിദാരി അദാലത്തും. പ്രൊവിൻഷ്യൽ കോടതികളിൽ സിവിൽ വ്യവഹാരങ്ങളും സർക്യൂട്ട് കോടതികളിൽ രണ്ട് തരം വ്യവഹാരങ്ങളും പരിഗണിക്കപ്പെട്ടു.
വലിയ കേസുകളിൽ ബ്രിട്ടീഷ് ജഡ്ജിമാർ
ക്രിമിനൽ വ്യവഹാരങ്ങളിൽ പൊതു ക്രിമിനൽ ശിക്ഷാരീതി നടപ്പിലാക്കപ്പെട്ടു. തദ്ദേശീയരായ മജിസ്‌ട്രേട്ടുമാർക്ക് ചെറിയതരം കുറ്റകൃത്യങ്ങളിൽ തീർപ്പ് കൽപിക്കാൻ മാത്രമേ അധികാരമുണ്ടായിരുന്നുള്ളു. നാൽപ്പത് അടിയിൽ കൂടുതലോ, ഒരു മാസത്തിൽ കൂടുതൽ തടവോ, ഇരുന്നൂറ് രൂപയിലധികം പിഴ തിക്ഷയോ വിധിക്കാൻ ഇംഗ്ലീഷുകാരായ ചീഫ് മജിസ്‌ട്രേറ്റുമാർക്ക് മാത്രമായിരുന്നു അധികാരം. കഠിനമായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ അന്ന് തലശ്ശേരിക്ക് പുറമെ കോഴിക്കോട്, ചെർപ്പളശ്ശേരി എന്നിവിടങ്ങളിൽ പ്രൊവിൻഷ്യൽ ഫൗജിദാരി കോടതികളുണ്ടായിരുന്നു. സാധാരണ ഉദ്യോഗസ്ഥന്മാർക്ക് പുറമെ ഈ കോടതികളിൽ ഒരു ഖാസിയേയും ബ്രാഹ്മണ പണ്ഡിതനേയും നിയമിച്ചിരുന്നു. ഈ മൂന്ന് പ്രൊവിൻഷ്യൽ മജിസ്‌ട്രേട്ടുമാരുമായി ഏകകണ്ഠമായ അഭിപ്രായത്തോടെയായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.
1792 ൽ വില്യം ഗാമുൾ ഫാർമറിൽ തുടങ്ങുന്ന തലശ്ശേരിയിലെ നീതിനിർവ്വഹണ ചുമതല പിന്നീട് ചരിത്ര പുരുഷന്മാരായി മാറിയ പലരിലൂടേയും കടന്നുപോയി. വില്യം ഗാമുൾ ഫാർമറുടെ കോടതി വളപ്പിലെ ബംഗ്ലാവ് ഇന്നും നിലനിൽക്കുന്നുണ്ട്.
ജഡ്ജിയായ ബാബർ
തലശ്ശേരി സബ്കളക്ടറായി നീയോഗിക്കപ്പെട്ടിരുന്ന തോമസ് ഹാർവെ ബാബർ മാവിലാം തോട്ടിൻകരയിൽ വെച്ച് പഴശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയതോടെ ബ്രിട്ടീഷ് സർക്കാരിന്റെ അഭിനന്ദനങ്ങൾക്ക് പാത്രമാവുകയും മജിസ്‌ട്രേറ്റും ജഡ്ജിയുമായി സ്ഥാനക്കയറ്റം നേടുകയും ചെയ്തിരുന്നു. ബാബറിന്റെ കൈപ്പടയിലുള്ള വിധിന്യായങ്ങൾ ഇപ്പോഴും കോടതിയുടെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |