
കണ്ണൂർ : നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനക്കെതിരെ കർശനനടപടിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും നിരോധനം ലംഘിച്ചുള്ള വില്പന പൊടിപൊടിക്കുന്നു.എൻഫോഴ്സിമെന്റ് സ്വാഡ് തുടർച്ചയായി പിടിച്ചെടുക്കുന്നുണ്ടെങ്കിലും നിരോധിത പ്ളാസ്റ്റിക് പിന്നെയും മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂർ കോർപ്പറേഷൻ പരിധിയിലും തലശ്ശേരി ,പാനൂർ നഗരങ്ങളിൽ നിന്നും ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.ജനുവരി ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ 99 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 20 നിയമലംഘനങ്ങൾ കണ്ടെത്തി. 11.50 ലക്ഷമാണ് ഈ നിയമലംഘനങ്ങളിൽ ഈടാക്കിയ പിഴ.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത് 2020 ജനുവരിയിലാണ്.50 മൈക്രോണിൽ താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക്കിനാണ് നിരോധനം. എന്നാൽ ജില്ലയിൽ പലയിടങ്ങളിലും ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയാണ് വ്യാപകമാകുന്നത്.
തലശ്ശേരി കുയ്യാലിയിലെ ഗോഡൗൺ,തൃപ്പങ്ങോട്ട് കല്ലിക്കണ്ടിയിലെ റെഡി ടു ഈറ്റ് സ്റ്റാൾ,കുന്നോത്ത്പറമ്പ് തൂവക്കുന്നിലെ എമറാത്ത് ട്രേഡേസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പ്രദർശിപ്പിച്ച നിരോധിത കാരിബാഗുകൾ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ,ഗാർബേജ് ബാഗുകൾ എന്നിവ പിടിച്ചെടുത്തത്.
മുതലെടുത്ത് വ്യാജ ബയോ ക്യാരിബാഗും
ഇതിനിടെ പ്ളാസ്റ്റിക് നിരോധനത്തിന്റെ മറവിൽ ജില്ലയിൽ വ്യാജ ബയോ ക്യാരിബാഗ് വിൽപ്പനയും പൊടിപൊടിക്കുന്നുണ്ട്. കോർപ്പറേഷൻ പരിധിയിൽ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിവിധ ബയോക്യാരി സാമ്പിളുകൾ സംഘം കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
3 തവണ പിടികൂടിയാൽ ലൈസൻസ് റദ്ദാക്കൽ
₹50,000 പിഴ
മുതലെടുത്ത് അന്യസംസ്ഥാനങ്ങൾ
കേരളത്തിൽ ഉത്പ്പാദനമില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് നിരോധിത പ്ളാസ്റ്റിക് ഉത്പ്പന്നങ്ങൾ എത്തുന്നത്.പ്ലാസ്റ്റിക് ഗ്ലാസ് ,പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ് ,ഷോപ്പിംഗ് ബാഗ് ,സ്‌ട്രോ,ഇല, സ്പൂൺ , തെർമോക്കോൾ ഉപയോഗിച്ചു നിർമ്മിച്ച പ്ലേറ്റ്, അലങ്കാര വസ്തുക്കൾ, 500 മില്ലി ലിറ്ററിൽ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പികൾ, ബ്രാന്റഡ് അല്ലാത്ത ജ്യൂസ് പാക്കറ്റ്, പി.വി.സി ഫ്ളക്‌സ് സാമഗ്രികൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണികൾ തുടങ്ങിയവ ഇതിൽപെടുന്നു .
2023 മാർച്ച് മുതൽ 2024 വരെ
5280 പരിശോധനകൾ
1867 കണ്ടെത്തിയ നിയമ ലംഘനം -
₹9820000 ചുമത്തിയ പിഴ-
₹5055020 ഈടാക്കിയ പിഴ
വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കും.വരും ദിവസങ്ങളിലും പരിശോധന തുടരും.
കെ.ആർ.അജയകുമാർ,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |