SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ചരിത്രവിധികളുടെ ഓർമ്മകളിൽ തലശ്ശേരി കോടതി

baber

തലശ്ശേരി: ഒരു കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗോഡൗണായിരുന്നു നിലവിലുള്ള പ്രിൻസിപ്പൽ ജില്ലാജഡ്ജിയുടെ കോടതി കെട്ടിടം.നീതിന്യായ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന റിക്കാർഡ്റൂം ഉത്തരവുകൾ നടപ്പിലാക്കേണ്ട നാജർ ഓഫീസ് എന്നിവയും ഇതോടനുബന്ധിച്ചാണ്.
പതിനാല് കോടതികൾ പ്രവർത്തിക്കുന്ന നിലവിലുള്ള കെട്ടിടങ്ങൾ ആധുനിക സംവിധാനത്തോട് കിടപിടിക്കുന്നവയാണ്. ബ്രിട്ടീഷ് എഞ്ചിനീയർമാർ കേരളീയ കാലാവസ്ഥക്ക് അനുയോജ്യമായി നിർമ്മിച്ച ഈ കെട്ടിടങ്ങൾ കൊടുംവേനലിലും ശീതീകരണ സംവിധാനമുള്ളവയാണ്.പത്ത് കോടതികളാണ് പുതിയ കോടതിസമുച്ചയത്തിലേക്ക് മാറുന്നത്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി , മുൻസീഫ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി , പോക്സോ കോടതി എന്നിവ പഴയ കെട്ടിടത്തിൽ തന്നെയാകും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതിയും പുതിയ കെട്ടിടത്തിലെത്തും. വ്യവലായ ട്രിബ്യൂണൽ ക്യാമ്പ് സിറ്റിംഗ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും.

ഫോക്‌ലാന്റ് യുദ്ധം ജയിച്ചതിന് ശിക്ഷ കുറച്ചു;

ജഡ്ജിക്ക് നിർബന്ധിത വിരമിക്കൽ

പ്രാചീനരേഖകൾ സൂക്ഷിക്കുന്ന തലശ്ശേരി കോടതിയുടെ ഭാഗമായ ആർക്കെവ്സിൽ കൗതുകകരമായ ഒട്ടനവധി സംഭവങ്ങളുണ്ട്.
ഒരു സ്ത്രീയെ തട്ടിക്കോണ്ട് പോയി തടവിൽ താമസിച്ച കേസിൽ രണ്ട് പേരെ കഠിനശിക്ഷയ്ക്ക് അർഹരാണെന്ന് കോടതി കണ്ടെത്തുന്നു.എന്നാൽ അന്നേദിവസം അർജ്ജന്റീനയുമായുള്ള ഫോക്‌ലാന്റ് യുദ്ധം ബ്രിട്ടീഷ് നാവികസേന വിജയിച്ചതിന്റെ സന്തോഷത്തിൽ ശിക്ഷാവിധി കുറക്കുന്നുവെന്നായി ജഡ്ജി. ഈ സംഭവത്തിന്റെ പേരിൽ ഇദ്ദേഹത്തിന് നിർബന്ധിത വിരമിക്കൽ സ്വീകരിക്കേണ്ടിവന്നുവെന്നാണ് ആർക്കേവ്സ് രേഖകളിലുള്ളത്.

തലശ്ശേരിയിലെ താലിക്കേസ്

ഹിന്ദുസ്ത്രീയുടെ പവിത്രമായ താലിസങ്കൽപത്തെ വിലമതിക്കാത്ത ബ്രിട്ടീഷ് മജിസ്ട്രേറ്റിനെ സ്ഥാനത്ത് നിന്ന് നീക്കിയ മറ്റൊരു കഥയും തലശ്ശേരിയിലെ ആർക്കേവ്സിലുണ്ട്. സ്വാതന്ത്ര്യ സമരനായകനായ എൽ.എസ് പ്രഭുവിന്റെ ഭാര്യയും പ്രശസ്ത വ്യാകരണപണ്ഡിതനായ ശേഷ ഗിരിപ്രഭുവിന്റെ മകളുമായ കമലയുടെ കെട്ടുതാലിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. സ്വാതന്ത്യ സമരത്തിൽ ഭർത്താവിനൊപ്പം നിന്ന കമല നിയമലംഘനത്തിന്റെ പേരിൽ കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായി. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത് ആറുമാസം തടവും ആയിരം രൂപ പിഴയും.പിഴ അടക്കാൻ ആരും തയ്യാറാകാത്ത ഘട്ടത്തിൽ മജിസ്‌ട്രേറ്റായിരുന്ന ഡോസ് വെൽ കമലാ പ്രഭുവിന്റെ താലി അഴിച്ചുകൊടുക്കാൻ കല്പന പുറപ്പെടുവിച്ചു.കമല അതിന് തയ്യാറാകാതെ വന്നപ്പോൾ പൊലീസുകാരൻ മുന്നോട്ടുവന്നു. അയാൾ തൊടുന്നത് ഒഴിവാക്കാൻ കമലാപ്രഭു മാലയൂരി കോടതിക്ക് നൽകുകയും ചെയ്തു.ഹിന്ദു സ്ത്രീയുടെ പവിത്രമായ വിശ്വാസത്തെ തൊട്ടുകളിച്ച സംഭവം ബ്രിട്ടീഷ് പാർലമെന്റിൽ വരെ കടുത്ത വിമർശനത്തിന് ഇടയാക്കി. ഒടുവിൽ ഡോസ് വെല്ലിന് സ്ഥാനനഷ്ടമുണ്ടായെന്നതാണ് ചരിത്രം.

ഗുമസ്തനായ ചന്തുമേനോൻ

മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖയുടെ കർത്താവായ ഒ ചന്തുമേനോൻ 1864ൽ ഗുമസ്തനായി തലശ്ശേരി സ്‌മോൾ കേസ് കോടതിയിൽ ജോലി ചെയ്തിരുന്നു. മലബാർ മാനുവലിന്റെ കർത്താവും തലശ്ശേരി സബ്കളക്ടറുമായ വില്യം ലോഗൻ ചന്തുമേനോനെ തന്റെ കീഴിൽ നിയമിച്ചു.പിന്നീട് ഇദ്ദേഹം ന്യായാധിപനായി ഉയർത്തപ്പെട്ടു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL