SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

തളിപ്പറമ്പിൽ സി.പി.എം ജില്ലാ സമ്മേളനം ഫെബ്രു.ഒന്നുമുതൽ: മൂന്ന് മണ്ഡലങ്ങളിലെ തോൽവിയിൽ പരിശോധന വരും

cpm

കണ്ണൂർ: പാർട്ടി അംഗത്വത്തിലും ഘടകങ്ങളുടെ കരുത്തിലും രാജ്യത്തെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ 3 വരെ നടക്കും. തളിപ്പറമ്പിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലയുടെ ഭാഗമായി വരുന്ന മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലെയും കനത്ത തോൽവി തൊട്ടുള്ള വിവിധ പ്രശ്നങ്ങൾ സജീവ ചർച്ചയാകും.

ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളും കേന്ദ്രസംസ്ഥാന നേതാക്കളുമാണ് 3 ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം 1ന് രാവിലെ ഒൻപതരക്ക് കെ.കെ.എൻ. പരിയാരം ഹാളിൽ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിലും പൊതുസമ്മേളനം 3ന് വൈകുന്നേരം അഞ്ചിന് മണിക്ക് ഉണ്ടപ്പറമ്പിലെ സീതാറാം യെച്ചൂരി നഗറിലുമാണ് നടക്കുന്നത്.

പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി , ഇ.പി.ജയരാജൻ, എ.കെ.ബാലൻ, കെ.കെ.ശൈലജ, എളമരം കരീം, കെ.രാധാകൃഷണൻ, വി.സതീദേവി, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം.സ്വരാജ് എന്നീ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

31ന് വൈകുന്നേരം 6ന് പൊതുസമ്മേളനനഗരിയിൽ പതാക ഉയർത്തും. കരിവെള്ളൂർ രക്തസാക്ഷി സ്മാരകത്തിൽ നിന്നും പൊതുസമ്മേളനനഗരിയിലേക്ക് ഉയർത്താനുള്ള പതാക പി.ജയരാജന്റെ നേതൃത്വത്തിൽ അത് ലറ്റുകൾ റിലേയായി കൊണ്ടുവരും. പി.കരുണാകരൻ ഉദ്ഘാടനം ചെയ്യും.കൊടിമരം കാവുമ്പായി രക്തസാക്ഷി സ്മാരകത്തിൽ നിന്നുകൊണ്ടുവരും. കൊടിമര ജാഥ ടി.വി. രാജേഷ് നയിക്കും. ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.


കണ്ണൂർ ജില്ലയിൽ സി.പി.എം

4421 ബ്രാഞ്ചുകൾ

249 ലോക്കൽ കമ്മിറ്റി

18 ഏരിയാകമ്മിറ്റി

65550 പാർട്ടി അംഗങ്ങൾ

കഴിഞ്ഞ സമ്മേളനത്തിന് ശേഷം പുതുതായി

174 ബ്രാഞ്ചുകൾ

6 ലോക്കൽ കമ്മിറ്റികൾ

3862 പാർട്ടി മെമ്പർമാർ

32.99 ശതമാനം വനിതാ അംഗങ്ങൾ

തോൽവിയിലെത്തിച്ച പാളിച്ചകൾ പരിശോധനയ്ക്ക്

കണ്ണൂർ ജില്ലയിലെ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നിൽ ഭരണപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ പാളിച്ചകളുണ്ടായെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്വയംവിമർശാത്മകമായി സമ്മതിച്ചിരുന്നു.ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന സംസ്ഥാന കമ്മിറ്റി നിർദ്ദേശം എത്രമാത്രം പ്രാവർത്തികമായെന്ന പരിശോധന ജില്ലാ സമ്മേളനത്തിൽ നടക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.ദൗർബല്യങ്ങളും കുറവുകളും കണ്ടെത്തി അത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾക്ക് സമ്മേളനം രൂപം നൽകുമെന്നും ജയരാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL