SignIn
Kerala Kaumudi Online
Thursday, 22 October 2026 5.33 PM IST

കോയ്യോടൻ കോറോത്ത് ക്ഷേത്രഭൂമിയിൽ നിറഞ്ഞാടി 40 കുട്ടിച്ചാത്തന്മാർ

chathan

മാഹി: പ്രശസ്തമായ പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രഭൂമിയിൽ നിറഞ്ഞാടി കുട്ടിച്ചാത്തന്മാർ.വിദേശികളടക്കം ആയിരക്കണക്കിന് പേർ സാക്ഷ്യം വഹിച്ച ഉത്സവത്തിൽ ചെണ്ടയുടെ താളത്തിനൊത്ത് തെയ്യങ്ങൾ ചുവടുവച്ചപ്പോൾ തെയ്യങ്ങളുടെ നാട്ടിൽ തന്നെ അത് അസുലഭമായ കാഴ്ചകളിലൊന്നായി.

തെയ്യക്കാവുകളിൽ ഏറ്റവും കൂടുതൽ തെയ്യങ്ങൾ ഒരുമിച്ച് കെട്ടിയാടുന്നുവെന്ന പ്രത്യേകതയും പള്ളൂർ കോയ്യോടൻ കോറോത്തെ തിറയുത്സവത്തിനുണ്ട്. ഒരു തെയ്യത്തിന് രണ്ട് ചെണ്ടക്കാരുംരണ്ട് പരികർമ്മികളും ഒരു കോമരവുമെന്ന കണക്കിൽ 250 ഓളം പേരാണ് അനുഷ്ഠാന ചടങ്ങുകളിൽ മാത്രം നിറഞ്ഞുനിന്നത്. അഗ്നിപ്രവേശം നടത്തിയ രണ്ട് ഉച്ചിട്ട ഭഗവതി തെയ്യങ്ങൾ, കൂറ്റൻ കുരുത്തോല മുടികളുമേന്തി പൊയ്ക്കാലുകളിൽ നടനമാടിയ ആറ് ഗുളികന്മാർ,രണ്ടുവീതം കാരണവർ തെയ്യങ്ങളും ചാമുണ്ഡി, ഘണ്ടകർണ്ണൻ തെയ്യങ്ങളും കോയ്യോടൻ കോറോത്ത് തിറയുത്സവത്തിന്റെ ഭാഗമായി കെട്ടിയാടി.

പതിവു തെറ്റിക്കാതെ മുകുന്ദൻ എത്തി
മയ്യഴിക്കാരുടെ അതിപ്രധാന തിറയുത്സവത്തിൽ പങ്കെടുക്കാൻ മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഇക്കുറിയുമെത്തിയിരുന്നു. ഭാര്യ ശ്രീജയ്ക്കൊപ്പമായിരുന്നു മുകുന്ദന്റെ വരവ്. തെയ്യങ്ങളെ തൊഴുത് അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹവും ഭാര്യയും മടങ്ങിയത്. ചലച്ചിത്ര സംവിധായകൻ പി.ചന്ദ്രകുമാറും ഇക്കുറി തിറയുത്സവം കാണാനെത്തിയ പ്രമുഖരിൽ പെടും. പഴശ്ശി രാജാവിന്റെ വിശ്വസ്തനായിരുന്ന പള്ളൂർ എമ്മെൻ കോയ്യോടൻ കോറോത്ത് തറവാട്ടുകാരനായിരുന്നു. ധാരാളം സൈനികരും ഈ തറവാട്ടിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL