SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ചെമ്പതാക ഉയർന്നു സി.പി.എം കാസർകോട്‌ ജില്ലാസമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

cpm

കാഞ്ഞങ്ങാട് : കയ്യൂരിന്റെയും മുനയംകുന്നിന്റെയും പൈവളിഗെയുടെയും ചീമേനിയുടെയും പോരാട്ടസ്‌മരണകൾ അലതല്ലിയ സായാഹ്‌നത്തിൽ സി.പി.എം കാസർകോട്‌ ജില്ലാ സമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ കൊടിയേറി. ജില്ലയിലെ 32 രക്തസാക്ഷി കുടീരങ്ങളിൽ നിന്ന്‌ ഇന്നലെ വിവിധ സമയങ്ങളിലായി പുറപ്പെട്ട കൊടി, കൊടി മര, ദീപശിഖാജാഥകൾ വൈകിട്ട്‌ ആറരക്ക്‌ അലാമിപ്പള്ളിയിൽ സംഗമിച്ചു. അത്‌ലറ്റുകളുടെയും ചുവപ്പുസേനയുടെയും ബൈക്ക്‌ റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ റൂറുകണക്കിന്‌ പേരുടെ അകമ്പടിയോടെ ജാഥകൾ നോർത്ത്‌ കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയായ സീതാറാം യച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ എത്തിയതിന് പിന്നാലെ രാത്രി എട്ടിന്‌ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ പതാകയുയർത്തി.

ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി എച്ച്.കുഞ്ഞമ്പു, പി.കരുണാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംഘാടകസമിതി ജനറൽ കൺവീനർ കെ രാജ് മോഹൻ സ്വാഗതം പറഞ്ഞു പ്രതിനിധി സമ്മേളനം ഇന്നു മുതൽ വെള്ളിയാഴ്‌ച വരെ കോട്ടച്ചേരി മാവുങ്കാൽ റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ എ. കെ.നാരായണൻ, കെ.കുഞ്ഞിരാമൻ നഗറിൽ നടക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം എ.വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട്‌ അലമാപ്പള്ളി കേന്ദ്രീകരിച്ച്‌ ചുവപ്പുസേനാ പരേഡുണ്ടാകും. നോർത്ത്‌ കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം പി.ബി അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

317 പ്രതിനിധികൾ

ജില്ലയിലെ 27904 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിൽ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 317 പ്രതിനിധികളാണ്‌ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയുമില്ല

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇത്തവണ കാസർകോട് ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് പുറമെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും.

ദീപശിഖ ഇന്ന് കൊളുത്തും

ജില്ലയിലെ 28 രക്തസാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച ദീപശിഖ, ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ സമ്മേളന നഗരിയിലെ വലിയ ദീപത്തിലേക്ക് പകരും. കയ്യൂരിൽ നിന്നും എത്തിച്ച കൊടിമരത്തിൽ പൈവളിഗെയിൽ നിന്നും എത്തിച്ച പതാക മുതിർന്ന നേതാവ് പി കരുണാകരനും ഉയർത്തും. ഇന്ന് വൈകിട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്തെ പി.രാഘവൻ നഗറിൽ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. തുടർന്ന് നിലാമഴ ഗസൽ സന്ധ്യയും അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL