SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

പെരിയ കൊലക്കേസിൽ ജില്ലാസെക്രട്ടറിക്കെതിരെ കടുത്ത വിമർശനം: "പ്രവർത്തകരെ കൈയൊഴിഞ്ഞു; നേതാക്കളെ പെടുത്തി "

cpm

കാഞ്ഞങ്ങാട്: പാർട്ടി ജില്ലാസെക്രട്ടറിയേറ്റംഗവും മുൻ എം.എൽ.എയുമായ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾ പെരിയ കൊലക്കേസിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തത് ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്റെ അലംഭാവം മൂലമെന്ന് ആരോപണം. കാഞ്ഞങ്ങാട് നടക്കുന്ന സി.പി.എം കാസർകോട് ജില്ലാസമ്മേളനത്തിലെ പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് ജില്ലാസെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്.

കൊലപാതകം നടക്കുന്നതിന് മുമ്പ് പെരിയയിൽ സി.പി.എം പ്രവർത്തകർ പലതവണ ഭീകരമായി ആക്രമിക്കപ്പെട്ടപ്പോൾ ഇടപെട്ടിരുന്നെങ്കിൽ പിന്നീടുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. ആക്രമിക്കപ്പെട്ട പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. പിന്നീട് പെരിയയിലെ സംഭവം അറിഞ്ഞപ്പോൾ 'അവർ എന്തെങ്കിലും ആക്കട്ടെ..എനിക്ക് ഒന്നും കഴിയില്ല..' എന്ന നിലപാടായിരുന്നു ജില്ലാ സെക്രട്ടറി സ്വീകരിച്ചത്. ഈ അലംഭാവം മൂലം സാഹചര്യം വഷളായി. പാർട്ടി നേതാക്കൾ കേസിൽ അകപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ഉദുമ ഏരിയകമ്മിറ്റിയിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തുറന്നടിച്ചു.

തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സംബന്ധിച്ചും വിമർശനമുണ്ടായി. പെരിയ കൊലക്കേസ് സംബന്ധിച്ച് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ സംസാരിച്ചിരുന്നതായി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ സമ്മേളന നഗരിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. രണ്ടു ദിവസങ്ങളിലായി 12 ഏരിയ കമ്മിറ്റികളിൽ നിന്നായി 35 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതായും അതിൽ പകുതിയും വനിതാ സഖാക്കൾ ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

'കള്ളക്കേസ് തടയാൻ കഴിയാത്തത് കഴിവുകേട്"

പാർട്ടി ആഭ്യന്തര വകുപ്പ് കൈയാളുമ്പോൾ നേതാക്കൾ കള്ളകേസിൽ അകപ്പെടുന്നത് തടയാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നായിരുന്നു പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണനെതിരെ ഉദുമയിൽ നിന്നുള്ള പ്രതിനിധിയുടെ വിമർശനം. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും മുതിർന്ന നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയും ചെയ്ത സാഹചര്യം ജില്ലാ സെക്രട്ടറി കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ തടയാമായിരുന്നു. പാർട്ടി ഭരണത്തിൽ ഉണ്ടാകുമ്പോൾ ബേക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പാർട്ടി നേതാക്കൾക്കെതിരെ മൊഴി കൊടുത്തതും കള്ളസാക്ഷി പറയുന്നതും തടയാൻ ജില്ലാ നേതൃത്വത്തിന് സാധിക്കാത്തത് കഴിവ് കേടാണ്. കേസിൽ സി ബി.ഐ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ കാര്യമായ ഇടപെടൽ നടത്തിയില്ല. കോടതി ശിക്ഷ വിധിക്കുന്നത് വരെ എന്തിനാണ് അനങ്ങാതെ ഇരുന്നതെന്നും പ്രതിനിധികൾ ചോദിച്ചു.അതേസമയം പാർട്ടിക്ക് വേണ്ടി കുറ്റം ഏറ്റെടുത്ത് കരുത്തോടെ പൊരുതിയ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി.കുഞ്ഞിരാമനെയും മറ്റു നേതാക്കളെയും പ്രതിനിധികൾ പ്രശംസിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL