SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

കാസർകോട് സമ്മേളനത്തിൽ സംസ്ഥാനസർക്കാരിനെതിരെ വിമർശനം; കുറേകൂടി മെച്ചപ്പെടണം, ദുർബലവിഭാഗങ്ങളെ സംരക്ഷിക്കണം 

cpm

കാഞ്ഞങ്ങാട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന് സി.പി.എം കാസർകോട് ജില്ലാ സമ്മേളന ചർച്ചയിൽ വിമർശനം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,​ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി കെ ശ്രീമതി ,​സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുന്നയിച്ചത്.

മന്ത്രിമാരെല്ലാം പുതിയതായതിനാൽ കാര്യക്ഷമത കുറഞ്ഞു. പാർട്ടിയുടെ അടിത്തറയായ ദുർബല ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് പകരം സർക്കാർ വൻകിട വ്യവസായികളുടെയും കോർപ്പറേറ്റുകളുടെയും പിന്നാലെ പോകുന്ന പ്രവണതയുണ്ട്. പ്രാദേശികമായി ചെറുകിട വ്യവസായങ്ങൾ സ്ഥാപിച്ച് തൊഴിലില്ലായ്മക്ക് പരിഹാരം തേടണം.വൻകിട വ്യവസായശാലകൾ സ്ഥാപിക്കുന്നതിലും മുൻഗണന നൽകേണ്ടത് ചെറുകിട വ്യവസായങ്ങൾക്കാകണം. എത്ര സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ദുർബലവിഭാഗങ്ങളുടെ ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്ത് കൂടെ നിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ജില്ലാ, സംസ്ഥാന നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് പ്രതനിധികൾ വിമർശിച്ചത്.

പ്രവർത്തന റിപ്പോർട്ടിലും സംഘടന റിപ്പോർട്ടിന്മേലും ഗൗരവമായ ചർച്ചകളാണ് നടന്നത്. 35 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്നലെ ഉച്ചയോടെ ചർച്ചകൾ പൂർത്തിയായി. വൈകുന്നേരം നാല് മണി മുതൽ ഏഴ് മണിവരെ ചർച്ചകൾക്ക് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനും ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണനും മറുപടി പറഞ്ഞു.

ചർച്ചകൾ ക്രിയാത്മകമെന്ന് ജില്ലാസെക്രട്ടറി

ചർച്ചകൾ മുഴുവൻ ക്രിയാത്‌മകമായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.പാർട്ടി സമ്മേളനത്തിൽ നേതാക്കളുടെ പ്രവർത്തനം സംബന്ധിച്ച് വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണ്.പാർട്ടിയിൽ തെറ്റ് തിരുത്തൽ പ്രക്രിയ തുടരും. പോരായ്മകൾ കൂട്ടായ പ്രവർത്തനങ്ങളിലൂടെ പരിഹരിച്ചു മുന്നോട്ടുപോകും. എട്ട് കൊല്ലം കൊണ്ട് കാസർകോട് ജില്ലയിൽ വരുത്തിയ മാറ്റങ്ങൾ നിർണ്ണായകമാണ്. ജില്ലയുടെ 13 ഇന ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടുന്നതിന് പാർട്ടി ഇടപെടുമെന്നും വെറുതെ പറഞ്ഞു പോകില്ലെന്നും എം.വി.ബാലകൃഷ്ണൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ,​ ജനറൽ കൺവീനർ രാജ്മോഹൻ എന്നിവരോടൊപ്പം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.വി.ബാലകൃഷ്ണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM CHARCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL