SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

പയ്യാമ്പലം ശ്മാശാനത്തിന്റെ അവസ്ഥ ശോചനീയം: ശാന്തിതീരത്ത് പുകയുന്നത് അശാന്തി

shmashanam

കണ്ണൂർ: മരിച്ചവരോടു പോലും കോർപറേഷന് നീതി പുലർത്താനാകുന്നില്ലെന്ന് ഒറ്റനോട്ടത്തിൽ പറയാം പയ്യാമ്പലത്തെ സംസ്കാരചടങ്ങിന് സാക്ഷിയായാൽ. ഉറ്റവർ വിട്ട് പിരിഞ്ഞ വേദനയിലും വേനലിൽ പൊള്ളുന്ന വെയിലും മഴക്കാലത്ത് പേമാരിയും കൊണ്ട് നിൽക്കേണ്ട കുടുംബാംഗങ്ങളുടെ ദുരവസ്ഥ തൊട്ട് മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവ് അടക്കം ഇതിൽപെടും.

കോടികൾ മുടക്കി നിർമ്മിച്ച വാതക ശ്‌മശാനം പൂർണമായും പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമാകുന്നു. ദിവസവും ആയിരങ്ങൾ എത്തുന്ന കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിനോട് ചേർന്നാണ് ശ്‌മശാനം. നിരവധി വീടുകളും ഫ്ലാറ്റുകളും സമീപത്തുണ്ട്. വിറകടുപ്പിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക ഇവർക്കെല്ലാം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനു പ്രതിവിധിയായിരുന്നു വാതക ശ്‌മശാനം.എന്നാൽ ഇത് അറ്റകുറ്റപ്പണി നടത്തി പുനർസ്ഥാപിക്കാൻ ഇതുവരെയും കോർപ്പറേഷൻ തയ്യാറായിട്ടില്ല. ശ്മാശാനത്തിന്റെയും പരിസരത്തെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.

മൃതദേഹങ്ങളോട് അരുത്

മഴക്കാലത്ത് വെള്ളം കയറുന്ന അവസ്ഥയിലാണ് ശ്‌മശാനം നിലകൊള്ളുന്നത്. മൃതദേഹം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന വിറകും ചിരട്ടയും നനയും. ഇത് മൂലം മൃതദേഹങ്ങൾ പൂർണമായും ദഹിപ്പിക്കുന്നില്ലെന്ന ആരോപണവും ഇവിടെ നിന്നുയരുന്നുണ്ട്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൃതദേഹങ്ങൾ ഇവിടെ എത്താറുണ്ട്. മൃതദേഹങ്ങളുമായി എത്തിയവർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാൻ പോലും ഒരു സൗകര്യവും പയ്യാമ്പലം ശ്മാശാനത്തിന്റെ ഭാഗമായില്ല. ലോകമറിയുന്ന നിരവധി പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടിയാണ് പയ്യാമ്പലം.

അഴിമതി ആരോപണം തള്ളാതെ പ്രതിപക്ഷം

ശ്മാശാനത്തിന്റെ നടത്തിപ്പിലും നിർമ്മാണത്തിലും അഴിമതിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രവർത്തനങ്ങളിൽ വെട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും കണക്കുകൾ സുതാര്യമല്ലെന്നുമാണ് ആരോപണം. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ശ്മശാനത്തിന്റെ ഏകോപനവും മേൽനനോട്ടവും നിർവഹിക്കുന്നത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി തികച്ചും പരാജയമാണെന്ന് പ്രതിപക്ഷം പറയുന്നു. കൗൺസിൽ യോഗങ്ങളിലും ഈ വിഷയം അവഗണിക്കപ്പെടുന്നു. പ്രതിപക്ഷത്തിന്റെ വാദം അംഗീകരിക്കാനോ പരിഗണിക്കാനോ ഭരണാധികാരികൾ തയ്യാറാവുന്നില്ല. ഈ വിഷയത്തിൽ മിക്കപ്പോഴും പ്രതിഷേധം ഉയരാറുമുണ്ട്.

പുകയ്ക്കൊപ്പം ഉയരുന്നു പാരിസ്ഥിതിക പ്രശ്നവും

പരമ്പാഗതമായ വിറക് ശ്മശാനങ്ങൾ നിരവധിയായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. വാതക ശ്മശാനങ്ങൾ ഉപയോഗിക്കണമെന്ന കോടതി ഉത്തരവിനെയും പരിഹസിക്കുന്ന നിലപാടിലാണ് കോർപറേഷൻ. പയ്യാമ്പലത്ത് വാതകശ്മശാനം പ്രവർത്തിപ്പിക്കാത്ത സംഭവത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കളക്ടറോട്‌ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

പയ്യാമ്പലം വാതകശ്മശാനം

പരമ്പരാഗത ശവദാഹരീതിയ്ക്ക് ബദൽ ആയാണ് പയ്യാമ്പലത്ത് രണ്ട് ഫർണസുള്ള വാതക ശ്മശാനം നിർമ്മിച്ചത്.

ഇതിലൂടെ ഒന്നേകാൽ മണിക്കൂറിനകം സംസ്‌കാരം പൂർത്തിയാകും.
ചിലവ് -1.25 കോടി
കെട്ടിടനിർമ്മാണം 62 ലക്ഷം
ഇന്ത്യൻ ഓയിൽകോർപറേഷൻ ഫണ്ട് 57.3 ലക്ഷം

പയ്യാമ്പലത്തെ ശവസംസ്കാരചടങ്ങിനെ കോർപ്പറേഷൻ തീർത്തും അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത് .ഇത് പ്രതിഷേധാർഹമാണ് ഇതിനൊരു നടപടി എത്രയും പെട്ടന്ന് ഉണ്ടാകണം-ടി രവീന്ദ്രൻ, കൊറ്റാളി വാർഡ് കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL