കണ്ണൂർ: കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ ജനങ്ങളുടെ പ്രധാന പ്രശ്നമായിരുന്ന ഗതാഗത കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാനായത് യാത്രക്കാർക്ക് അനുഗ്രഹമാകുന്നു. വളപട്ടണം പാലം മുതൽ കണ്ണൂർ വരെയുള്ള എട്ട് കിലോമീറ്റർ താണ്ടാൻ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വഴിയിൽ കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് ഏതാനും ദിവസങ്ങളായി ആശ്വാസമായത്. വളപട്ടണം പൊലീസിന്റെയും കെ.വി സുമേഷ് എം.എൽ.എയുടെയും ഗതാഗതവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിഷ്കരണമാണ് വിജയം കണ്ടിരിക്കുന്നത്.
വളപട്ടണം പാലത്തിനു മുന്നിൽ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് ജംഗ്ഷനിൽ വരുത്തിയ പരിഷ്കരണമായിരുന്നു കുരുക്കഴിലിന്റെ ആദ്യ ഘട്ടം. വാഹനങ്ങൾ വഴി തിരിച്ചു വിട്ടും പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടും പാലത്തിനു മുകളിലെയും ജംഗ്ഷനിലെയും വാഹനങ്ങളുടെ നീണ്ടനിര നിയന്ത്രിക്കാൻ സാധിച്ചു. ഈ ദൗത്യം വിജയകരമായതോടെയാണ് സംസ്ഥാനത്തുതന്നെ ഏറെ ഗതാഗത കുരുക്കനുഭവപ്പെടുന്ന പുതിയതെരുവിലും ക്രമീകരണങ്ങൾ വരുത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 31 മുതൽ അഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ നടപ്പാക്കി വിജയം കണ്ടതോടെയാണ് പരിഷ്കരണം തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തത്. ഈ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നതോടെ യാത്രാദുരിതം ഒരു പരിധി വരെ ഒഴിഞ്ഞിരിക്കുകയാണ്.
ജനങ്ങളുടെയും യാത്രക്കാരുടെയും ബസ് - ഓട്ടോ ജീവനക്കാരുടെയും ഇടയിൽനിന്ന് നല്ല പ്രതികരണമാണ് ഗതാഗത പരിഷ്കരണത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കാലങ്ങളായി റെഡ് സോണിൽ കിടന്നിരുന്ന പുതിയതെരു ഇപ്പോൾ ഗ്രീൻ സോണിലാണ്.
പുതിയതെരുവിൽ ബസ്ബേ
പുതിയതെരു ടൗണിൽ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ പ്രധാന ബസ് സ്റ്റോപ്പിന്റെ സ്ഥാനത്ത് ബസ് ബേ സ്ഥാപിക്കും. ഇതിനു മുന്നോടിയായി കെ.വി സമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും കെ.എസ്.ഇ.ബിയും ബന്ധപ്പെട്ട വകുപ്പുകളും കഴിഞ്ഞദിവസം സംയുക്ത പരിശോധന നടത്തി. ഇവിടെ ലോക്കൽ ബസുകൾക്കായാണ് ബസ് ബേ നിർമ്മിക്കുക. ഇവിടെയുള്ള ട്രാൻസ്ഫോമർ, വെയിറ്റിംഗ് ഷെഡ്, പെട്ടിക്കടകൾ ഉൾപ്പെടെയുള്ളവ മാറ്റിയാകും ബസ്ബേ നിർമ്മിക്കുക.
മേലെ ചൊവ്വയിൽ ഓവർബ്രിഡ്ജ്
ജില്ലയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റൊരു പ്രധാന മേഖലയായ മേലെചൊവ്വയിൽ യാത്രാദുരിതങ്ങൾക്ക് അറുതി വരുത്താൻ കേരള സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പുതിയ ഓവർബ്രിഡ്ജിന്റെ പ്രവൃത്തി പ്രാരംഭഘട്ടത്തിലാണ്. മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓവർബ്രിഡ്ജ് യാഥാർത്ഥ്യമായാൽ കണ്ണൂരിന്റെ ഗതാഗതക്കുരുക്കെന്ന ശാപത്തിന് ശാശ്വത പരിഹാരമാകും.
ഒരുപാടു സമയം ലാഭിക്കാൻ കഴിയുന്നുണ്ട്. രാവിലെയും വൈകുന്നേരവുമായിരുന്നു ഏറെ ബുദ്ധിമുട്ട്. ഇപ്പോൾ കൃത്യ സമയത്ത് തന്നെ കണ്ണൂരെത്താൻ കഴിയുന്നുണ്ട്.
കെ.എൻ.വി സുധാകരൻ (സ്ഥിരയാത്രക്കാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |