
തളിപ്പറമ്പ്: പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച ശിവന്റെ കൂറ്റൻ വെങ്കല പ്രതിമയുടെ അനാച്ഛാദനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയേക്കും. സന്ദർശനത്തിന് മുന്നോടിയായി 150 അംഗ നാഷണൽ സെക്യുരിറ്റി ഫോഴ്സ് സംഘം തളിപ്പറമ്പിൽ എത്തുമെന്നാണ് വിവരം. സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് സംഘം എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രാധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതിനകം ടി.ടി.കെ ദേവസ്വത്തിനും സംസ്ഥാന പൊലീസ് മേധാവിക്കും ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച് മുൻപ് ഡൽഹിയിൽ നിന്ന് മൂന്നംഗ എൻ.എസ്.ജി ഉദ്യോഗസ്ഥർ രാജരജേശ്വര ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന് പിന്നാലെ കഴിഞ്ഞ ആഴ്ച ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന മറ്റൊരു സംഘവും തളിപ്പറമ്പിലെത്തി പരിശോധന നടത്തി. ഈ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അടുത്തയാഴ്ച്ച 150 അംഗ സംഘം തളിപ്പറമ്പിൽ എത്തുന്നത്. ഇവർ മാങ്ങാട്ടുപറമ്പിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ക്യാമ്പ് ചെയ്യും.
പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങേണ്ട സ്ഥലവും അവിടെ നിന്ന് സൈനിക ഹെലികോപ്ടർ തളിപ്പറമ്പിൽ ഇറക്കേണ്ട സ്ഥലവും സംബന്ധിച്ച് സംഘം പരിശോധിക്കും.
സ്ഥാപിക്കുന്നത് 14 അടി ഉയരമുള്ള ശിവപ്രതിമ
പതിനാല് അടി ഉയരത്തിൽ വെങ്കലത്തിലും സ്റ്റീലിലുമായി നിർമ്മിച്ച 4000 കിലോഗ്രാം തൂക്കം വരുന്ന ശിവപ്രതിമയാണ് മൊട്ടമ്മൽ രാജൻ ക്ഷേത്രാങ്കണത്തിന് സമർപ്പിച്ചത്. കിഴക്കേനടയിൽ ക്ഷേത്രകവാടത്തിനും ക്ഷേത്രകുളത്തിനും ഇടയിലുള്ള സ്ഥലത്ത് പ്രതിമ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി അനാവരണം ചെയ്യുന്നതോടെ ഭക്തജനങ്ങൾക്ക് കാണാൻ സാധിക്കും ടി.ടി.കെ ദേവസ്വം പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോർഡ് എല്ലാ സഹായങ്ങളും നൽകി രംഗത്തുണ്ട്.
ഉണ്ണി കാനായിയുടെ വൈദഗ്ധ്യം
ശിൽപി ഉണ്ണി കാനായി 4 വർഷംകൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കളിമണ്ണിൽ നിർമിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡുണ്ടാക്കി മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലാണ് ശിൽപം സ്ഥാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |