SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ലഹരിയുടെ പക്ഷികൾ പിടിവിട്ട് പറന്നു; വെയിലിൽ പിടഞ്ഞ വിനു കവിയായി

vinu

കാസർകോട്: ചെങ്കൽപണയിലെ വെയിൽ കൊണ്ടുള്ള കടുത്ത അദ്ധ്വാനത്തെ ലഘൂകരിക്കാൻ ലഹരിയുമൊത്ത് സഹവാസം. ഇരുപത്തിയഞ്ച് വർഷത്തോളം വെയിലിൽ പിടഞ്ഞ ജീവിതത്തെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിച്ചപ്പോൾ ഉള്ളിൽ തെളിഞ്ഞ അക്ഷരക്കൂട്ടുകൾ കവിതകളായി നിരന്നു. നാൽപതോളം ചെറുകവിതകൾ അടങ്ങിയ 'വെയിൽ രൂപങ്ങൾ സമാഹാരമായി വായനക്കാരിലെത്തി. വിനു വേലേശ്വരം വായനയിലൂടെ കവിയായി അങ്ങനെ പിറവിയെടുത്തു.

കാഞ്ഞങ്ങാട് വേലാശ്വരത്തെ കൃഷ്ണൻ- ജാനകി ദമ്പതികളുടെ മകനായ വിനു പത്താം ക്‌ളാസ് കഴിഞ്ഞതോടെയാണ് ചെങ്കൽ പണയിലെ അതികഠിനമായ ജോലിക്ക് ഇറങ്ങിയത്. പ്രത്യേക ലക്ഷ്യവുമില്ലാതെ ചെറുപത്തിലേയുള്ള അത്യദ്ധ്വാനം പതിയെ മദ്യപാനത്തിലേക്ക് വീഴ്ത്തി. ഇരുപത്തിയഞ്ച് വർഷത്തോളം കടുത്ത മദ്യപാനത്തിനൊടുവിൽ ആശുപത്രിയിലായപ്പോഴാണ് ജീവിതം ഒലിച്ചുപോകുകയാണെന്ന് ബോദ്ധ്യമായത്. ആശുപത്രിക്കിടക്കയിൽ ആരും തിരിഞ്ഞുനോക്കാതെയുള്ള കിടപ്പ് ഉള്ളിൽ ചാരം മൂടിക്കിടന്ന അക്ഷരങ്ങളെ തോറ്റിയുണർത്താൻ പോന്നതായിരുന്നു. ഫേസ് ബുക്കിലായിരുന്നു കവിതകൾ എഴുതിത്തുടങ്ങിയത്. കവിത വായിച്ച കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിൾ ട്രസ്റ്റ് അംഗവും കവിയത്രിയും സിനിമാതാരവുമായ ശുഭ, ഹരി നോർത്ത് കോട്ടച്ചേരി, സലാം കേരള തുടങ്ങിയവർ വിനുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

പ്രശസ്ത കവി ദിവാകരൻ വിഷ്ണുമംഗലത്തിന്റെ അവതാരികയോടെയാണ് 'വെയിൽ രൂപങ്ങൾ ' കാഞ്ഞങ്ങാട്ടെ പുസ്തകവണ്ടി പബ്ലിക്കേഷൻസ് പുറത്തിറക്കിയത്.

ജീവിതം നിറഞ്ഞുനിൽക്കുന്ന വിനുവിന്റെ കവിതകളിൽ കണ്ണീരിന്റെയും വിയർപ്പിന്റെയും ഉപ്പുരസം വേർതിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞുചേർന്നിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയിൽ നിന്ന് എഴുത്തിന്റെ ലഹരിയിലേക്ക് നടന്നു വന്നയാളാണ് കവി എന്നതിനാൽ ഈ കവിതകൾ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോsൽ അല്ല, മറിച്ച് ജീവിതത്തിലേക്കുള്ള രക്ഷപെടൽ ആണ്. തെറ്റിപ്പോയ ജീവിതത്തിന്റെ താളങ്ങളെ നേരെയാക്കാനുള്ള ഒരു ശ്രമം 'വെയിൽ രൂപങ്ങളിലെ' കവിതകളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ബാബു പെരിങ്ങേത്ത്(കാഞ്ഞങ്ങാട് ഡിവൈ.എസ്.പി )

വിനു വേലാശ്വരം,​വെയിൽ രൂപങ്ങൾ കവിതാസമാഹാരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL