
മടിക്കൈ(നീലേശ്വരം) : എരിക്കുളം എന്ന ഗ്രാമത്തിന്റെ പേര് കേട്ടാൽ തന്നെ എരിക്കുളം കലങ്ങളെയാണ് കാസർകോട് ജില്ലക്കാരുടെ മനസിലെത്തുക. ഭൗമശാസ്ത്ര പദവിക്ക് വരെ അർഹമായ തരത്തിൽ പരമ്പരാഗതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഗുണമേന്മയേറിയ എരിക്കുളം കലങ്ങൾക്ക് പക്ഷെ മാറിയ കാലഘട്ടത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ പ്രതിസന്ധിയിലായത് നൂറിനടുത്ത് വരുന്ന കുടുംബങ്ങളാണ്. പതറാതെ മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തോടെ പരമ്പരാഗത തൊഴിലിനെ കൈവിടാതെ തന്നെ ഇവർ മറ്റൊരു സംരംഭത്തിലേക്ക് തുനിഞ്ഞു. പ്രതിവർഷം 60 ലക്ഷം ടേൺ ഓവർ ലഭിക്കുന്ന കൃഷിയിലൂടെ എരിക്കുളം പച്ചക്കറി ഇന്ന് അടയാളപ്പെടുത്തപ്പെട്ടുനിൽക്കുകയാണ്.
35 ഏക്കറിലാണ് എരിക്കുളത്ത് പച്ചക്കറി വിളഞ്ഞുനിൽക്കുന്നത്. കുമ്പളം,വെള്ളരി, മത്തൻ, പാവയ്ക്ക,വഴുതിനങ്ങ, മുളക്, വെണ്ട,പടവലം, ചേമ്പ്, ചേന തുടങ്ങി തണ്ണിമത്തൻ വരെ സമൃദ്ധമായി വിളയുകയാണ് എരിക്കുളത്തെ വയലുകളിൽ. കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭകളിലും മടിക്കൈ ഗ്രാമഗ്രാമപഞ്ചായത്തിലുമാണ് ഇവരുടെ വിപണി. സമീപപഞ്ചായത്തുകളിലും എരിക്കുളത്തെ പച്ചക്കറിപ്പെരുമ ഇപ്പോൾ എത്തിനിൽക്കുന്നു. ജലദൗർലഭ്യം നേരിടുന്ന പ്രദേശമായിട്ടും രണ്ട് കുഴൽകിണറുകളും ഒരു കുളവും ഉപയോഗിച്ച് ഇവർ കൃഷിയെ ലാഭകരമാക്കി മുന്നോട്ടുകൊണ്ടുപോകുകയാണ്. ജൈവ വളത്തെ ആശ്രയിച്ച് തന്നെയാണ് ഇവരുടെ കൃഷിയെന്നതിനാൽ വിപണിയിൽ നല്ല ഡിമാൻഡാണ് എരിക്കുളം പച്ചക്കറികൾക്ക്. മടിക്കൈ ഗ്രാമപഞ്ചായത്തും കൃഷിഭവൻ ഉദ്യോഗസ്ഥരും നൽകുന്ന നല്ല പ്രോത്സാഹനം കൂടിയായതോടെ പച്ചപിടിച്ച് നിൽക്കുകയാണ് എരിക്കുളത്തുകാരുടെ ജീവിതം.
പാരമ്പര്യതൊഴിലിനെ വിട്ടുകളയാതെ
മൺപാത്ര വ്യവസായത്തിൽ എതിരില്ലാതെ മുന്നേറിയിരുന്ന കാലത്ത് നിന്ന് അലൂമിനിയും,സ്റ്റീൽ പാത്രങ്ങളുടെ വരവോടെയാണ് എരിക്കുളത്തെ പരമ്പരാഗത തൊഴിലാളികൾ പ്രതിസന്ധിയിലായത്. പലരും തൊഴിൽ ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിഞ്ഞു. പാത്രങ്ങൾ ചുമന്നുനടന്ന് വിറ്റഴിക്കാൻ സാധിക്കാതെ വന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു. നിർമ്മാണസമയത്ത് ഉണ്ടാകുന്ന നഷ്ടം കൂടിയാകുമ്പോൾ ഒരുതരത്തിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയോളം ഭൂരിഭാഗം പേരും എത്തി.
വ്രതതുല്യമായ നിഷ്ഠയായിരുന്നു എരിക്കുളത്തെ മൺപാത്ര നിർമ്മാണത്തിന് വേണ്ടിയിരുന്നത്.
എരിക്കുളം വയലിൽ മണ്ണെടുപ്പ് ഗ്രാമത്തിന്റെ ഉത്സവമാണ്. പ്രത്യേക മണ്ണ് ശേഖരിക്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയവരുടെ ആചാരം കൂടിയാണിത്. ഓരോ വർഷവും ഗ്രാമത്തിലെ മുഴുവൻ ആളുകളും പ്രായഭേദമന്യേ മുഴുവൻ ഈ ഉത്സവത്തിൽ പങ്കെടുക്കും. മേടമാസത്തിലാണ് മണ്ണെടുക്കുന്നത്. ഒരാഴ്ചക്കാലം വയിലിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കും. ഒരു വർഷക്കാലത്തെ മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി, ചൂര്, പൊടിച്ചൂര് എന്നീയിനം മണ്ണാണ് വയലിൽ നിന്ന് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണ് വീടുകളിലെത്തിച്ച് മൺപാത്ര നിർമ്മാണത്തിന് ആവശ്യമായ രീതിയിൽ കുഴച്ചെടുക്കും. ഇത് ചുട്ടെടുത്ത് പണികുറ തീർത്ത് പാത്രങ്ങളാക്കും. വലിയ നഷ്ടമാണ് നിർമ്മാണത്തിന്റെ ഘട്ടത്തിൽ ഉണ്ടാകുക.ഇതെല്ലാം അതിജീവിച്ച് വിപണിയിലെത്തിച്ചാലും വിലയുടെ കാര്യത്തിൽ നഷ്ടക്കണക്കാണ്. എന്നാൽ പച്ചക്കറി കൃഷി ലാഭകരമായതോടെ നഷ്ടം സഹിച്ചാലും കുലത്തൊഴിൽ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ഇവരുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |