SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

വെട്ടിച്ചുരുക്കി കെ.എസ്.ആർ.ടി.സി സർവീസുകൾ ദുരിതവഴിയിൽ യാത്രക്കാർ

ksrtc
കെ.എസ്.ആർ.ടി.സി

കൊട്ടിയൂർ: നഷ്ടക്കണക്കുപറഞ്ഞ് കെ.എസ്.ആർ.ടി.സി സർവീസുകൾ നി‌ർത്തലാക്കുന്നതും വെട്ടിച്ചുരുക്കുന്നതും യാത്രക്കാരെപെരുവഴിയിലാക്കുന്നു. ദീർഘദൂര സർവീസുകളും ലോക്കൽ സർവീസുകളും ഇതിൽപെടും.

കൊട്ടിയൂർ - പാൽച്ചുരം വഴി ഓടിക്കൊണ്ടിരിക്കുന്ന നിരവധി സർവീസുകളാണ് അടുത്തകാലത്ത് നിർത്തലാക്കിയത്. കാസർകോട്, കാഞ്ഞങ്ങാട്, ബളാൽ, പയ്യന്നൂർ, കുന്നത്തൂർപ്പാടി, കോട്ടയം, കോഴിക്കോട് തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും.

മാനന്തവാടിയിൽ നിന്നും രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർകോട് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുന്ന ബസ്, കൊട്ടിയൂർ അമ്പായത്തോട്ടിൽ നിന്നും കോട്ടയത്തേക്കും വൈകുന്നേരം 7.45ന് കൊട്ടിയൂരിൽ നിന്നും കോട്ടയത്തേക്കുമുള്ള ദീർഘദൂര സർവീസുകൾ എന്നിവ നിർത്തലാക്കിയിട്ട് നാളുകളേറെയായി. രാവിലെ 8.15ന് കൽപ്പറ്റയിൽ നിന്ന് പുറപ്പെടുന്ന വെള്ളരിക്കുണ്ട് ബസും നിർത്തലാക്കിയവയിൽ പെടും.

ബസുകൾ നിർത്തലാക്കിയതിന്റെ ദുരിതം അനുഭവിക്കുന്നവരിൽ ഏറെയും വിദ്യാർത്ഥികളും വിവിധ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്നവരും സർക്കാർ ജീവനക്കാരുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാൽച്ചുരത്തു നിന്നും സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ട്രിപ്പ് വെട്ടിച്ചുരുക്കി തലശ്ശേരി വരെയാക്കിയതോടെ രോഗികൾ ദുരിതത്തിലായി. ഒരു മണിക്കൂർ ഇടവിട്ട് സർവീസ് നടത്തിയിരുന്ന ഇരിട്ടി - മാനന്തവാടി റൂട്ടിൽ വൈകുന്നേരം 6 മണിക്ക് ശേഷം ബസുകൾ ഇല്ല. അക്കാത്തോട് ശാന്തിഗിരിയിൽ നിന്നുള്ള ഏക സർവീസ് നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെട്ടിരുന്ന സർവീസുകളാണ് നിർത്തലാക്കിയവയിൽ കൂടുതലും. നിർത്തലാക്കിയ സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

പാതിരാത്രിയിൽ കാത്തിരിപ്പ്

മണിക്കൂറുകളോളം

രാത്രി സർവീസുകൾ വെട്ടിക്കുറച്ചതോടെ ബസുകൾക്കായി കണ്ണൂർ ഡിപ്പോയിലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. രാത്രി 11.45 കഴിഞ്ഞാൽ പയ്യന്നൂർ ഭാഗത്തേക്ക് ബസ് കിട്ടാൻ രണ്ടു മണി കഴിയണം. ഒരു മണിക്കും ഒന്നരയ്ക്കും ഇടയിലായി കാസർകോട്ടേക്കും വെള്ളരിക്കുണ്ടിലേക്കുമുള്ള ബസുകൾ നിർത്തലാക്കിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. രാത്രി ഒരുമണിക്ക് കണ്ണൂരിലെത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ അഭിമാനമായിരുന്ന കുമളി - പെർള സർവീസും മാസങ്ങൾക്കുമുമ്പ് നിർത്തലാക്കിയിരുന്നു. രാത്രി കണ്ണൂരിൽ ട്രെയിനിറങ്ങി തുടർയാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരും രാത്രി വൈകി ജോലികഴിഞ്ഞു പോകുന്നവരുമാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL