
കാസർകോട്: കാസർകോടൻ ക്രിക്കറ്റിന് ഇന്നലത്തെ വെള്ളിയാഴ്ച സ്വർണം പോലെ തിളക്കമാർന്നതായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് നൽകിയ ഇതിഹാസതാരം കാസർകോടൻ മണ്ണിലിറങ്ങിയ ദിവസം. അതെ ദിവസം തന്നെ കാസർകോട്ടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുംപ്രകടനത്തിന്റെ ബലത്തിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്തിനെ പിന്തള്ളി കേരളം സ്വപ്നതുല്യമായ രഞ്ജിഫൈനൽ പ്രവേശം സാദ്ധ്യമാക്കിയതും ഇതെ ദിവസം.
കാസർകോട് നഗരസഭയുടെ ആദരം ഏറ്റുവാങ്ങാനും മുനിസിപ്പൽ സ്റ്റേഡിയം റോഡിന് തന്റെ പേര് നാമകരണം ചെയ്യാനുമായാണ് ഇന്ത്യൻ ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്റർ എത്തിയത്. ദുബായിൽ നിന്ന് പുലർച്ചെ 4.15ന് മംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ ഇതിഹാസത്തെ കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി വർക്കിംഗ് കൺവീനർ ടി.എ ഷാഫി, സംഘാടക സമിതി വൈസ് ചെയർമാൻ കെ.എം ബഷീർ, നഗരസഭാ കൗൺസിലർ കെ.എം ഹനീഫ് എന്നിവർ ചേർന്നാണ് വരവേറ്റത്. ദുബായിൽ നിന്ന് ഗവാസ്‌കറെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, റഫീഖ് തളങ്കര എന്നിവർ അനുഗമിച്ചിരുന്നു.
ദുബായിൽ വ്യാഴാഴ്ച രാത്രി നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കമന്ററി പറഞ്ഞതിന് ശേഷമാണ് അർദ്ധരാത്രിയോടെ ഗവാസ്ക്കർ കാസർകോട്ടേക്ക് പുറപ്പെട്ടത്.
മംഗളൂരുവിലെ താജ് വിവാന്തയിൽ തങ്ങിയ ഗവാസ്‌കർ ഉച്ചയോടെ സുഹൃത്ത് കൂടിയായ ഖാദർ തെരുവത്തിന്റെ കാസർകോട് വിദ്യാനഗറിലെ വീട്ടിലെത്തി. വൈകിട്ട് മൂന്നരയോടെ വിദ്യാനഗർ സ്റ്റേഡിയം ജംഗ്ഷനിൽ എത്തിയ അദ്ദേഹം സ്റ്റേഡിയത്തിലേക്കുള്ള റോഡിന് തന്റെ പേരിടുന്ന ചടങ്ങും നിർവഹിച്ചു.തുടർന്ന് തുറന്ന വാഹനത്തിൽ ഗവാസ്കറെ ചെട്ടുംകുഴിയിലെ റോയൽ കൺവെൻഷൻ സെന്ററിലേക്ക് ആനയിച്ചു. ഇവിടെ നടന്ന ചടങ്ങിൽ ഗവാസ്ക്കറെ കാസർകോട് പൗരാവലിക്ക് വേണ്ടി ആദരിച്ചു. കാസർകോട് എം.എൽ.എ എൻ. എ നെല്ലിക്കുന്ന്, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ഖാദർ തെരുവത്ത് എന്നിവർ ചേർന്ന് പൊന്നാടയും പൂക്കുടയും തേക്കിൽ പ്രത്യേകം തയ്യാറാക്കിയ ഉപഹാരവും കൈമാറി.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. സൈദാ അബ്ദുൾ ഖാദർ ഗവാസ്ക്കറെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ തുടങ്ങിയവരും സ്വീകരണചടങ്ങിൽ പങ്കെടുത്തു. ടി.എ.ഷാഫി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |