
പാലക്കുന്ന് : വടക്കൻ കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മുന്നോടിയായി 'ഭരണി കുറിക്കൽ' ചടങ്ങ് ഭണ്ഡാര വീട്ടിൽ നടന്നു. ഈ മാസം 24 മുതൽ 28 വരെയായി നടക്കുന്ന ഉത്സവത്തിൽ ദേവിയുടെ പ്രതീകമായ ഭരണിക്കുഞ്ഞിയായി തുടർച്ചയായ മൂന്നാംവട്ടവും ഉദുമ പെരിയവളപ്പിൽ പി.വി.പ്രകാശന്റെയും കെ.വി.ശ്രീജയുടെയും മകളായ പി.വി.അമേയക്കാണ് നിയോഗം.
ഉദുമ ഗവ.എൽ.പി സ്കൂളിൽ മൂന്നാംതരം വിദ്യാർത്ഥിനിയായ അമേയയെ ഭണ്ഡാരവീട് പടിഞ്ഞാറ്റയിൽ സ്ഥാനികരും കഴകം പ്രസിഡന്റും അരിയിട്ട് അനുഗ്രഹിക്കുന്ന 'വാഴിക്കൽ' ചടങ്ങും ഇന്നലെ നടന്നു. ഇതിന് സാക്ഷ്യം വഹിക്കാൻ ബന്ധുക്കൾ അടക്കം നിരവധി പേർ തിരുമുറ്റത്തെത്തി.
കുംഭത്തിൽ തൃക്കണ്ണാട് ആറാട്ടിന്റെ തുടർച്ചയായി പാലക്കുന്നിൽ ഉത്സവം കൊടിയേറുന്നതിനാൽ ഭരണി നക്ഷത്രത്തിൽ ജനിച്ച അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള കഴകപരിധിയിലെ പെൺകുട്ടിയെ ദേവിയുടെ ജന്മനക്ഷത്ര പ്രതീകമായി വാഴിക്കുന്നതാണ് വഴക്കം.കൊടിയേറ്റം മുതൽ ഉത്സവം അവസാനിക്കും വരെ ഭരണികുഞ്ഞി ആചാര സ്ഥാനികരോടൊപ്പം ചടങ്ങുകളിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |