
കേരളത്തിലെ ആദ്യ ഫ്ളോട്ടിംഗ് ലൈബ്രറിയുമായി അദ്ധ്യാപിക
നീലേശ്വരം: വശ്യസൗന്ദര്യവുമായി തേജസ്വിനിപ്പുഴയുടെ ഓരംപറ്റി നിൽക്കുന്ന കോട്ടപ്പുറത്ത് നിരന്നുനിൽക്കുന്ന ഹൗസ്ബോട്ടുകളിലൊന്ന് അദ്ധ്യാപികയായ ഫെറീനയുടേതാണ്. വൈകിട്ട് നാലു മുതൽ ആറര വരെ ഫെറീനയുടെ ഹൗസ്ബോട്ടിലെ വെളിച്ചം എന്ന പേരിലുള്ള ലൈബ്രറി വായനക്കാർക്കായി തുറന്നുകിടക്കും.
കേരളത്തിലെ ആദ്യ ഫളോട്ടിംഗ് ലൈബ്രറിക്ക് പിന്നിൽ ഫെറീനയുടെ ഒറ്റയാൾ പട്ടാളമാണ്. മലബാറിന്റെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധ നേടിയ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ കവയിത്രി കൂടിയായ ഈ യുവതിയുടെ വായനശാലയ്ക്ക്
നാളേക്ക് ഒരു വയസ് തികയും. പതിനായിരക്കണക്കിന് പുസ്തകങ്ങളും സൗകര്യങ്ങളുമൊരുക്കി നാട്ടിലും, നഗരത്തിലും ലൈബ്രറികൾ ആളനക്കമില്ലാതെ കിടക്കുമ്പോഴാണ് ഫെറീനയുടെ ഒറ്റയാൾ പരീക്ഷണം വിജയിക്കുന്നത്. കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനലിൽ എത്തുന്ന ഏതൊരാൾക്കും പുസ്തകം സൗജന്യമായി വായിക്കാം. വായനയെ പുതുതലമുറക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ വായനയിടത്തെ അഭിമാനമായി കാണുകയാണ് ഈ അദ്ധ്യാപിക.
പുസ്തകചർച്ചകൾ, കുട്ടികൾക്കായി ക്വിസ് മത്സരം, എഴുത്ത് മത്സരം തുടങ്ങി നിരവധി പരിപാടികൾ ഇതിനോടകം ഫറീനയുടെ വെളിച്ചം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഇവിടെ തടസമില്ല. രജിസ്റ്ററിൽ പേരെഴുതി വെക്കണമെന്ന് മാത്രം. പലരിൽ നിന്നായി ശേഖരിച്ചതും കൈയിൽ ഉണ്ടായിരുന്നതുമായ പുസ്തകങ്ങൾ ഉപയോഗിച്ചാണ് ഫെറീന ഈ ലൈബ്രറി ഒരുക്കിയത്.
മേൽപറമ്പ് ബില്ല്യാർഡ്സ് ഇന്റർനാഷനൽ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ മലയാളം അദ്ധ്യാപികയാണ് ഫെറീന.തന്റെ ലൈബ്രറിക്ക് ലൈബ്രറി കൗൺസിൽ അംഗീകാരം ലഭിക്കുന്നതിനായുള്ള പരിശ്രമത്തിലാണ് ഈ ടീച്ചർ. പ്രമുഖ എഴുത്തുകാരായ ഡോ.അംബികാസുതൻ മാങ്ങാട്, ഇ.പി.രാജഗോപാലൻ, ഡോ.കെ.വി.സജീവൻ തുടങ്ങിയവരുടെ പിന്തുണയും ഫെറീന.
തിരുവനന്തപുരത്ത് ബിസിനസുകാരനായ ഭർത്താവ് അബ്ദുൽ സമദും മക്കളായ കോട്ടയം ഗവ.കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥിനി സഫ സഫ്രീൻ, സെന്റ് ആൻസ് എ.യു.പി.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാസിൽ സഫറും ഫറീനയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്.
എൻഡോസൾഫാൻ വിരുദ്ധസമരത്തിലും കണ്ണി
സാംസ്‌കാരിക പ്രവർത്തനത്തോടൊപ്പം സാമൂഹിക പ്രതിബന്ധതയും പുലർത്തുന്ന ഫറീന വർഷങ്ങളായി ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പ്രവർത്തിച്ചുവരിയാണ്. എൻഡോസൾഫാൻ പുനരധിവാസപ്രവർത്തനങ്ങളിലും, കാസർകോടിന് എംയ്സ് അനുവദിക്കണമെന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരങ്ങളിലും ഇവർ മുന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |