
കുടുംബശ്രീയുമായി കൈകോർക്കും
കണ്ണൂർ: കണ്ണൂർ, കല്യാശേരി, അഴീക്കോട് മണ്ഡലങ്ങളിലായി ജില്ലയിൽ മൂന്ന് അന്തിപച്ച വാഹനങ്ങൾക്ക് കൂടി അനുമതി ലഭിച്ചു. ഹാർബറിൽ നിന്ന് നേരിട്ട് മത്സ്യം ശേഖരിച്ച് അന്തിപച്ച വാഹനം വഴി നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചാണ് വില്പന നടത്തുന്നത്. ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതുമായ ശുദ്ധമായ മത്സ്യം ജനങ്ങളിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ന്യായമായ വിലയിൽ മത്സ്യം ലഭ്യമാകുകയും ചെയ്യും.
അഴീക്കോട് മണ്ഡലത്തിൽ എം.എൽ.എ ലഭ്യമാക്കിയ വാഹനത്തിൽ നേരത്തെ തന്നെ ഒരു അന്തിപച്ച യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് രാവിലെ മുതൽ ഈ വാഹനം പ്രവർത്തിച്ചിരുന്നു. ആദ്യം ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലായി പ്രവർത്തനം നിലച്ചു. വേണ്ടത്ര വിറ്റുവരവ് ഇല്ലാതെ നഷ്ടത്തിലായതിനെ തുടർന്ന് ഇത് കയറ്റിയിട്ടിരിക്കുകയാണ്. കുടുംബശ്രീയുമായി കൈകോർക്കുന്നതോടെ അഴീക്കോട്ടെ അന്തിപ്പച്ച യൂണിറ്റിന് സംഭവിച്ച പ്രതിസന്ധിയെ മറികടക്കാനാകുമെന്നാണ് മത്സ്യഫെഡിന്റെ കണക്കുകൂട്ടൽ.
ആ അന്തിപ്പച്ചയിൽ ഇപ്പോൾ വില്പനയില്ല
നേരത്തെ കെ.വി.സുമേഷ് എം.എൽ.എ ഇടപെട്ട് അഴീക്കോട് മണ്ഡലത്തിൽ നൽകിയ അന്തിപ്പച്ചയിൽ ആദ്യമൊക്കെ 2000 മുതൽ 5000 രൂപ വരെ പ്രതിദിനവരുമാനം ലഭിച്ചിരുന്നു. അവധി ദിവസങ്ങളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഇത് പതിനായിരം വരെ ഉയർന്നതാണ്. എന്നാൽ പിന്നീട് വിറ്റുവരവ് കുറഞ്ഞതിനെ തുടർന്ന് വരുമാനം ഇടിയുകയും ചെയ്തത് മൊബൈൽ യൂണിറ്റിൽ ജോലി ചെയ്തിരുന്നവരെ ബാധിച്ചു.പ്രദേശത്ത് നിരവധി മീൻവില്പന കേന്ദ്രങ്ങളുണ്ടായിരുന്നതും വില്പന കുത്തനെ ഇടിയുന്നതിന് കാരണമായി. ഡ്രൈവർമാരടക്കം മൂന്ന് ജീവനക്കാരാണ് ഈ യൂണിറ്റിൽ ഉണ്ടായിരുന്നത്. രണ്ടു പേർ വനിതകൾ. ഇവർക്ക് മൂന്ന് ശതമാനം കമ്മിഷനും ദിനംപ്രതിയുള്ള വിൽപന ലാഭത്തിന്റെ 20 ശതമാനവുമാണ് നൽകുന്നത്. വിൽപന കുറഞ്ഞതോടെ തൊഴിലാളികൾക്ക് വരുമാനം കുറഞ്ഞു. നിലവിൽ ഡ്രൈവർ വിദേശത്ത് പോയതിനാൽ ഇതുവഴിയുള്ള വില്പന നിർത്തിവച്ച നിലയിലാണ്.
കുടുംബശ്രീയും പങ്കാളികളാക്കി ലാഭകരമാക്കും
പുതിയതായി മൂന്ന് അന്തിപച്ച മൊബൈൽ യൂണിറ്റ് കൂടി ലഭ്യമായതോടെ കുടുംബശ്രീ പ്രവർത്തകരുമായി കൈകോർത്ത് പദ്ധതി പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓരോ വാർഡിലും ഓരോ മത്സ്യവിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. അന്തിപച്ച വാഹനത്തിൽ മത്സ്യം ഇവരിലേക്ക് നേരിട്ടെത്തിച്ച് വിൽപന നടത്താനാണ് ഉദ്ദേശം. ഇങ്ങനെയാകുമ്പോൾ സ്ത്രീകൾക്ക് ഒരു വരുമാന മാർഗവും ജനങ്ങൾക്ക് മായം കലരാത്ത മത്സ്യവും ലഭിക്കും.
അന്തിപ്പച്ച എന്നാൽ
ഗുണനിലവാരമുള്ള മീനുകൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡ് സംരംഭം
ഫോർമാലിൻചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് വിൽക്കും ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിൽ
പകൽ രണ്ടുമുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും
മീൻ മുറിച്ച് വൃത്തിയാക്കി വാങ്ങാം
മീൻ ശേഖരിക്കുന്നത് തോണികളിൽ നിന്നും മത്സ്യഫെഡ് അംഗമായ സംഘങ്ങളിൽ നിന്നും
ഉപഭോക്താക്കൾക്കും ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |