
കൊട്ടിയൂർ: കാർ നിയന്ത്രണം വിട്ട് കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി അപകടം. പേരാവൂരിൽ നിന്നും പുൽപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പുൽപ്പള്ളി ശശിമല പാടിച്ചിറ സ്വദേശികളായ കിഴക്കേതുണ്ടത്തിൽ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരേയും ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോയി.
ടോമിയുടെ കാലിനും കൈക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. ലൂസിയുടെ തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. പഴയ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള കലുങ്കിന് മുകളിൽ നിന്നും നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ മരത്തിലും തുടർന്ന് ഗേറ്റിലെ കോൺക്രീറ്റ് തൂണിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ടോമി തോമസിനെ നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് കേളകം പൊലീസും പേരാവൂർ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |