SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

ആറളത്ത് അഞ്ചിടത്തെ പരീക്ഷണം ജയം; കാട്ടാനകളെയും തുരത്തും ഫാംഗാ‌ർഡുമായി യുവ എൻജിനീയർമാർ

farm-guard

കണ്ണൂർ : കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താനുള്ള യന്ത്രം നിർമ്മിച്ച് യുവ എൻജിനീയർമാർ. ഫാം ഗാർഡ് എന്ന പേരിൽ നിർമ്മിച്ച യന്ത്രം മൃഗങ്ങൾ മുന്നിലെത്തുമ്പോൾ ലൈറ്റടിക്കുകയും ശബ്ദം പുറപ്പെടുവിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യും.
മലപ്പുറം തവനൂർ സ്വദേശി വി.വി.ജിഷോയ്,ഭാര്യ പാലക്കാട് സ്വദേശിനി വർഷ,ഇവരുടെ സുഹൃത്ത് അഭിജിത്ത് എന്നിവർ ചേർന്നാണ് ഫാം ഗാ‌ഡ് നിർമ്മിച്ചത്.കണ്ണൂ‌ർ ആറളം ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചിടങ്ങളിൽ യന്ത്രം സ്ഥാപിക്കുകയുണ്ടായി.ഇത് വിജയിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ എൻജിനീയർമാർ.

ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്ത അറിഞ്ഞ ഇവർ ഫാം അഡ്മിനിസ്ട്രേറ്റർ ഡോ.കെ.പി.നിധീഷ്‌കുമാറിനെ ബന്ധപ്പെട്ടിരുന്നു. ആനശല്യം രൂക്ഷമായ ആറളം അണുങ്ങോട് മേഖലയിൽ ഫാം ഗാർഡ് സ്ഥാപിച്ചു. യന്ത്രം സ്ഥാപിച്ചതോടെ നേരത്തെ സോളാർ വേലികൾ തക‌‌ർത്ത് എത്തിയിരുന്ന ആനകൾ ഈ വഴിക്ക് ഇറങ്ങിയിട്ടില്ലെന്ന് ഇവർ അവകാശപ്പെടുന്നു. കുറച്ച് ആഴ്ച്ചകൾ കൂടി നിരീക്ഷിച്ച ശേഷം കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കുമെന്ന് ഫാം അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

ചലിക്കുന്ന ഏതൊരു വസ്തുവിനെയും തിരിച്ചറിയും

ഒരു സെൻസറും എൽ.ഇ.ഡി ലൈറ്റും സൗണ്ട് സിസ്റ്റവുമാണ് ഈ യന്ത്രത്തിലുള്ളത്. വന്യമൃഗശല്യം രൂക്ഷമായ തങ്ങളുടെ നാട്ടിൽ ആദ്യ പരീക്ഷണം വിജയിച്ചതോടെ കൂടുതൽ പേർ യന്ത്രത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജിഷോയ് പറഞ്ഞു.17 മീറ്റർ ചുറ്റളവിൽ ചലിക്കുന്ന ഏതൊരു വസ്തു എത്തിയാലും സെൻസറിലൂടെ തിരിച്ചറിയുന്ന തരത്തിലാണ് യന്ത്രത്തിന്റെ പ്രവർത്തനം. പിന്നാലെ ശക്തമായ ശബ്ദവും ലൈറ്റും പ്രവഹിക്കും.വന്യ മൃഗങ്ങൾ തിരിച്ചു പോയാൽ ശബ്ദവും ലൈറ്റും നിൽക്കും.മൃഗങ്ങളുടെ ഫോട്ടോ എടുത്ത് കൺട്രോൾ റൂമിലേക്ക് കൈമാനുള്ള സംവിധാനവും ഇതിലുണ്ട്. യന്ത്രം രാത്രിയിൽ പ്രവർത്തിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.7000 രൂപയിൽ താഴെയാണ് ഒരു യന്ത്രത്തിന്റെ നിർമ്മാണച്ചിലവ്.ഇതുവരെ നൂറോളം ഫാം ഗാർഡുകൾ നിർമ്മിച്ചിട്ടുണ്ട്.വനം വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വയനാട് പോലുള്ള സ്ഥലങ്ങളിലും യന്ത്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL