
കാസർകോട്: വന്യമൃഗങ്ങളെ കാട്ടിൽ കയറി വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന നായാട്ടുസംഘത്തെ പൂട്ടാൻ വനം വകുപ്പ്. മ്ലാവും മലമാനും കാട്ടിയും കാട്ടുപന്നിയുമടക്കമുള്ള മൃഗങ്ങളെ വേട്ടയാടി ഇറച്ചിയായി വിൽപ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറംഗസംഘത്തിനായി വനം വകുപ്പ് പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൃഗങ്ങളെ വേട്ടയാടി കർണ്ണാടക വനത്തിലൂടെ പുറത്തെത്തിക്കുകയാണ് ഇവരുടെ രീതി. നിരവധി കാട്ടുമൃഗങ്ങൾ ഇതിനകം ഈ നായാട്ടുസംഘത്തിന്റെ ഇരയായിട്ടുണ്ട്. കർണാടകയോട് ചേർന്നുകിടക്കുന്ന കാസർകോട് ജില്ലയിലെ വനമേഖലകളിൽ പലയിടത്തും വന്യമൃഗങ്ങളുടെ എല്ലിൻ കഷണങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
ഭീമനടി, പനത്തടി, റാണിപുരം, കൊന്നക്കാട് തുടങ്ങിയ ഭാഗങ്ങളിലെ വനത്തിലാണ് മാഫിയ സംഘം പ്രധാനമായും വേട്ടയാടുന്നത് .ഈ സംഘത്തിൽ ഒരാളെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഈ മാഫിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വനം വകുപ്പിന് ലഭിച്ചത്. സംഘാംഗമെന്ന് സംശയിക്കുന്ന മറ്റൊരാളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.മേഖലയിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന വൻസംഘം തന്നെ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രധാന പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പൂർണഗർഭിണിയായ മലമാനെ വേട്ടയാടിക്കൊന്നു
കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ മലമാനെ നായാട്ട് സംഘം വേട്ടയാടി ഇറച്ചിയാക്കിയത്. ഇറച്ചി നിരവധി പേർക്ക് വിൽപന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. വനപാലകരെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ നായാട്ടുസംഘാംഗത്തെ ചോദ്യം ചെയ്തതിൽ നിന്നും നായാട്ടുസംഘത്തെക്കുറിച്ച് പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മലമാനിന്റെ വയറ്റിലുണ്ടായിരുന്ന കുട്ടിയെയും മറ്റ് അവശിഷ്ടങ്ങളും തെളിവുകൾ പുറത്ത് വരാതിരിക്കാൻ കക്കൂസ് കുഴിയിൽ ഉപേക്ഷിച്ചതായും വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തുകയും കറിവയ്ക്കുകയും ചെയ്ത കേസിൽ ഈ മാസം രണ്ടുപേരെ വനം വകുപ്പ് പിടികൂടിയിരുന്നു.
മൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാനികളെ വലയിലാക്കാൻ ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം മൃഗങ്ങളെ വേട്ടയാടുന്നത് തടയാനും കാട്ടിനുള്ളിൽ സംഘമുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വന്യമൃഗങ്ങളെ വേട്ടിയാടി ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള പൂർണചിത്രം തെളിയും.
കെ രാഹുൽ ( കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |