
കണ്ണൂർ: കോർപറേഷൻ പരിധിയിലെ ശവസംസ്കാര പ്രതിസന്ധിക്ക് പരിഹാരമായി ചേലോറ വാതക ശ്മശാനം ഉടൻ പ്രവർത്തനസജ്ജമാവും. ശ്മശാനത്തിന്റെ പ്രവർത്തനത്തിൽ സംസ്ഥാന മലിനീകരണ ബോർഡിന്റെ അനുമതി. ഇന്റർലോക്ക് വിരിക്കൽ, വൈദ്യുതി കണക്ഷൻ എന്നിവ പൂർത്തിയായി. മിനുക്കുപണികൾക്ക് ശേഷം ശ്മശാനം ഉടൻ നാടിന് സമർപ്പിക്കും.
സുമ ബാലകൃഷ്ണൻ കോർപറേഷൻ മേയർ ആയിരിക്കെ 2020ലാണ് ചേലോറയിൽ വാതകശ്മശാനം ഉദ്ഘാടനം ചെയ്തത്. 40 ലക്ഷം ചെലവിൽ നിർമ്മിച്ച ശ്മശാനത്തിൽ ഒരേ സമയം രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സൗകര്യമുണ്ട്. പയ്യാമ്പലത്തെ ശ്മശാനത്തിൽ ആവശ്യത്തിന് വിറകും ചിരട്ടയും ലഭിക്കാത്തതിനാൽ പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനും വലിയ പ്രതിസന്ധിയാണ് ഇവിടെ നേരിടുന്നത്. മുൻ എം.എൽ.എ കെ.എം.ഷാജിയുടെ മൂന്നുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പയ്യാമ്പലം ശ്മശാനം നവീകരിക്കാൻ തുക അനുവദിച്ചിരുന്നു. എട്ടു വർഷം മുമ്പാണ് തുക അനുവദിച്ചതെങ്കിലും തീരദേശ സംരക്ഷണനിയമം മൂലം നിർമ്മാണം ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു.
ചേലോറയിൽ ശ്മശാനം തുറക്കുന്നതോടെ കോർപറേഷൻ പരിധിയിലെ ശവദാഹത്തിന് കൂടുതൽ സൗകര്യമാവും. ഈ ശ്മശാനം തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ കെ.നിർമ്മല അഞ്ചുതവണ മേയർക്കടക്കം കത്ത് സമർപ്പിച്ചിരുന്നു. ഇത് തുറന്നുകൊടുക്കാത്തതിനാൽ സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കച്ചവടക്കാരുമുൾപ്പെടെ ഇവിടെ തമ്പടിക്കുന്നതായി പരിസരവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |