SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 AM IST

ജ്യോതിഷ് വധശ്രമക്കേസ്: മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

court

കാസർകോട്: തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലെ പ്രതിയായ അണങ്കൂർ ജെ.പി.കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന നാല് പേരെയും കാസർകോട് ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതി വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവർത്തകരായ റഫീഖ്, ഹമീദ്, സാബിർ, അശ്‌റഫ് എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ കെ.പ്രിയ വെറുതെ വിട്ടത്.

2017 ആഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണങ്കൂർ മാലികാർജുന ക്ഷേത്രത്തിന് സമീപം ടി.എം. റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ കാറിലെത്തിയ നാലംഗ സംഘം ഇടിക്കുകയും വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സംഭവസമയത്ത് ജ്യോതിഷിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഉൾപ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യം മൂലം സംഭവം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലും പ്രതികളെ വെറുതെ വിടുകയാണെന്നായിരുന്നു കോടതിയുടെ വിധി പ്രസ്താവം.പ്രതികൾക്ക് വേണ്ടി അഡ്വ.വിനോദ് കുമാർ ചാമ്പള, അഡ്വ.സാകിർ അഹ്‌മദ്‌, അഡ്വ.മുഹമ്മദ്‌ റഫീഖ്, അഡ്വ.ശരണ്യ എന്നിവർ ഹാജരായി.

ജ്യോതിഷ് ജീവനൊടുക്കി മൂന്നുവർഷം

കൊലക്കേസ് ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയായിരുന്ന ജ്യോതിഷിനെ 2022 ഫെബ്രുവരി 15ന് വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തളങ്കരയിലെ സൈനുൽ ആബിദ്, ചൂരി ബട്ടംപാറയിലെ റിഷാദ് വധക്കേസുകളിലും സാബിത് വധ ഗൂഢാലോചന അടക്കമുള്ള കേസുകളിലും പ്രതിയായിരുന്നു ജ്യോതിഷ്. ഇതിനു മുൻപ് 2013 ഫെബ്രുവരി അഞ്ചിന് നാലാം മൈലിൽ വച്ച് ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന മറ്റൊരു കേസിൽ ഇപ്പോൾ വിചാരണ നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL