SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

മാടായി കോളജ് നിയമന വിവാദം:   അച്ചടക്ക നടപടി പിൻവലിച്ചിട്ടും നേതാക്കൾ ഇടഞ്ഞുതന്നെ

madayi

കണ്ണൂർ: എം.കെ.രാഘവൻ എം.പി ചെയർമാനായ ഭരണസമിതി മാടായി കോളേജിൽ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ ഉയർന്ന അതൃപ്തി ശമിച്ചില്ല. പ്രതിഷേധിച്ചവർക്കെതിരെ എടുത്ത അച്ചടക്കനടപടി പിൻവലിച്ചെങ്കിലും കോളേജിലെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവരെ പിന്തുണക്കുന്നവർ.

നിയമനത്തിനെതിരെ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഹർജി നൽകിയത്. സ്വജനപക്ഷപാതവും നിയമനത്തിൽ ഭിന്നശേഷി സംവരണം പാലിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമനത്തിന് പണം വാങ്ങിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ടി.വി.നിധീഷ് എന്നയാളാണ് പരാതി നൽകിയിട്ടുള്ളത്.

നിയമനത്തിൽ പ്രതിഷേധിച്ച് എം.കെ.രാഘവൻ എം.പിയെ തടഞ്ഞതടക്കമുള്ള പ്രശ്നങ്ങളിൽ ഇരു പക്ഷത്തെയും ചില നേതാക്കളെ കെ.പി.സി.സി നേതൃത്വം ഇടപെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗകമ്മിഷന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സമവായമെന്ന നിലയിൽ അച്ചടക്കനടപടി പിൻവലിക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ എം.കെ.രാഘവന്റെ എതിർചേരിയിലുള്ള വിഭാഗം നിയമനം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെ നേതൃത്വത്തിന്റെ സമവായ നീക്കം തന്നെ പാളിയിരിക്കുകയാണ്.

ഇടഞ്ഞ് കുഞ്ഞിമംഗലം

നിയമനം റദ്ദാക്കുന്നതല്ലാതെ ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് കുഞ്ഞിമംഗലത്തെ പ്രമുഖ നേതാക്കൾ. പ്രാദേശിക നേതാക്കൾ ഇടഞ്ഞുനിൽക്കുന്നത് പാർട്ടി പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് ഡി.സി.സി.പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് കെ.പി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ട് സസ്‌പെൻഷൻ നടപടി പിൻവലിച്ചത്. സംസ്ഥാന തലത്തിൽ നേതൃത്വം തീരുമാനിച്ച പാർട്ടി പരിപാടികളൊന്നും കുഞ്ഞിമംഗലം. മാടായി മേഖലകളിൽ നിലവിൽ നടക്കുന്നില്ല. പ്രവർത്തകർ ഒന്നടങ്കം പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഡി.സി.സി നേതൃത്വം.
മാടായി കോളേജിൽ സി.പി.എമ്മുകാർക്ക് നിയമനം നൽകിയെന്നാണ് എം.കെ.രാഘവനെ എതിർക്കുന്നവരുടെ പ്രത്യക്ഷതത്തിലുള്ള ആരോപണം. അതേ സമയം നിയമനം പുന:പരിശോധിക്കുന്നത് അസാദ്ധ്യമെന്നാണ് കോളേജ് ഭരണസമിതിയുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL