SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

നീലേശ്വരം വെടിക്കെട്ടപകടം : ഫോറൻസിക് റിപ്പോർട്ട് കിട്ടിയില്ല; കുറ്റപത്ര സമർപ്പണം നീളുന്നു

vedikkett

നീലേശ്വരം: ആറുപേരുടെ മരണത്തിനിടയാക്കിയ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്ന് അഞ്ചുമാസം തികയുമ്പോഴും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല.ഈ കാരണം കൊണ്ടു മാത്രം അന്വേഷണ സംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

2024 ഒക്ടോബർ 28ന് രാത്രി 12ന് ശേഷമാണ് നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. കിണാവൂർ സ്വദേശികളായ രജിത്ത്, രഞ്ജിത്ത്, സന്ദീപ് നീലേശ്വരം തേർവയലിലെ പത്മനാഭൻ ചെറുവത്തൂരിലെ ഷിബിൻ രാജ് , കൊല്ലമ്പാറയിലെ ബിജു എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. ദുരന്തത്തിൽ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്, തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി വിജയൻ ക്ഷേത്രം ഭാരവാഹികളായ എവി ഭാസ്ക്കരൻ ,തമ്പാൻ, ചന്ദ്രൻ ,ബാബു ,ശശി എന്നിവർക്കെതിരെയാണ് നീലേശ്വരം പൊലിസ് കേസെടുത്തിട്ടുള്ളത്.

അപകടത്തിൽ 154 ഓളം പേരാണ് കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, മംഗളൂരു തുടങ്ങിയ ആശുപത്രികളിൽ ചികിത്സ തേടിയത്. എന്നാൽ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടിയ ഉൾപ്പെടെ 190ഓളം പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റതെന്ന് പൊലിസ് പറഞ്ഞു . ഇവരിൽ ഭൂരിപക്ഷം പേരുടെയും മൊഴികൾ പൊലീസ് ശേഖരിച്ചിരുന്നു .

കുറ്റപത്രത്തിന് ബലം കിട്ടില്ല

നരഹത്യയടക്കം ഗുരുതരമായ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് എന്നാൽ നിർണായകമായ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാതെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിയില്ല . റിപ്പോർട്ട് കിട്ടാനുള്ള കാത്തിരിപ്പിലാണ് അന്വേഷണസംഘം.കണ്ണൂർ ഫോറൻസിക് ലാബിലാണ് അപകടസ്ഥലത്ത് നിന്നും ശേഖരിച്ച ഫോറൻസിക് തെളിവുകൾ പരിശോധിക്കേണ്ടത്. കാസർകോട് ജില്ലയ്ക്കായി ഫോറൻസിക് ലാബ് ഇല്ലാത്തതിനാൽ കണ്ണൂരിൽ പരിശോധനാഫലം ലഭിക്കാൻ കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അന്വേഷണോദ്യോഗസ്ഥർ.

അവർ ഒളിവിൽ തന്നെ

നീലേശ്വരം: വെടിക്കെട്ട് ദുരന്തത്തിൽ പ്രതി ചേർക്കപ്പെട്ട അഞ്ചുപേർ ഇപ്പോഴും ഒളിവിൽ തന്നെയാണ്.ക്ഷേത്രം ഭാരവാഹികളായ എ.വി.ഭാസ്ക്കരൻ ,തമ്പാൻ, ചന്ദ്രൻ ,ബാബു ,ശശി എന്നിവരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇപ്പോഴും പരിഗണിച്ചിട്ടില്ല. ഇവർ ഉൾപ്പെടെ ഒൻപതു പേരാണ് കേസിൽ പ്രതികൾ ആയിട്ടുള്ളത്. നാല് പ്രതികളെ നേരത്തെ തന്നെ അന്വേഷണം ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങത്ത് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രം പ്രസിഡന്റ് പടന്നക്കാട്ടെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ്, തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി വിജയൻ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL