കേളകം: കാട്ടാനകൾക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമെ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നു. വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നുമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 6 രാജവെമ്പാലകളെയാണ് വനംവകുപ്പ് ടീം പിടികൂടി കാട്ടിലേക്ക് വിട്ടത്.
വീടിനകത്തും തൊടിയിലും ഒളിച്ചിരിക്കുന്ന രാജവെമ്പാലകളെ കണ്ടെത്തി പിടികൂടുക പ്രയാസമാണ്. കേളകം പഞ്ചായത്തിലെ അടക്കാത്തോട് മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്പിൽ നിന്നും ഒരുദിവസം തന്നെ നാലു രാജവെമ്പാലകളെയാണ് വനം വകുപ്പ് താത്കാലിക വാച്ചർ ഫൈസൽ വിളക്കോട് പിടികൂടിയത്. ഇതിന് മുമ്പ് അയ്യൻകുന്ന് കച്ചേരിക്കടവിൽ നിന്നും ആറളം ഫാം ബ്ലോക്ക് 10ൽ നിന്നും രണ്ട് രാജവെമ്പാലകളെ ഇദ്ദേഹം പിടികൂടിയിരുന്നു.
മാർച്ച് മാസം മാത്രം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15ലധികം രാജവെമ്പാലകളെയാണ് ഫൈസൽ വിളക്കോടും സംഘവും പിടികൂടി വനത്തിനുള്ളിൽ വിട്ടത്. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന രാജവെമ്പാലകൾ പൊതുവെ പുഴയോരങ്ങളിലും മറ്റുമാണ് കണ്ടുവരുന്നത്. എന്നാൽ ഇവ ഇപ്പോൾ ജനവാസ മേഖലയിലേക്ക് തുടർച്ചയായി കടന്നുവരുന്നത് ജനങ്ങൾ ഭീതിയോടെയാണ് കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |