നമുക്ക് ഏറ്റവുമധികം ഭയമുള്ള ജീവികളിൽ ഒന്നാണ് പാമ്പുകൾ. ലോകത്ത് ഏറ്റവുമധികം മനുഷ്യർ മരിക്കുന്നതിന് മൂന്നാമത് കാരണമാകുന്ന ജീവിയാണ് അവ. കൊതുകുകളും മനുഷ്യർ തന്നെയുമാണ് ആദ്യ രണ്ട് സ്ഥാനക്കാർ. പാമ്പ് കടിയേറ്റാൽ ശരീരത്തിൽ പാടുകളൊന്നും കണ്ടില്ലെങ്കിൽ പോലും ഉടൻ ചികിത്സ തേടേണ്ടതുണ്ട്. അല്ലാത്തപക്ഷം സ്ഥിതി ഗുരുതരമാകാം. പാമ്പുകളോടുള്ള ഭയം കാരണം നമ്മുടെ ഇന്ത്യയിൽ പലയിടങ്ങളിലും അവയെ ആരാധിക്കുന്ന ഇടങ്ങളുണ്ട്. എന്നാൽ പാമ്പുകൾ നമ്മുടെ വീട്ടിലെ പല്ലിയെയോ പൂച്ചയെയോ ഒക്കെ പോലെ സാധാരണ ജീവിയായി കാണുന്നൊരു ഗ്രാമവും ഇന്ത്യയിലുണ്ട്.
മഹാരാഷ്‌ട്രയിലെ ഷെറ്റ്‌പാൽ എന്ന ഗ്രാമമാണ് ഇന്ത്യയിലെ പാമ്പ് ഗ്രാമം. ഇവിടെ സാധാരണ ഗ്രാമങ്ങളിൽ കന്നുകാലികളോ കോഴിയോ പോലെ ഗ്രാമവാസികളുടെ ജീവിതവുമായി ചേർന്നുനിൽക്കുന്നതാണ് പാമ്പുകൾ. അതുകൊണ്ടാണ് പാമ്പ് ഗ്രാമം എന്ന പേര് ഷെറ്റ്‌പാലിന് ലഭിച്ചത്. മഹാരാഷ്‌ട്രയിലെ സോലാപൂർ ജില്ലയിലാണ് ഈ ഗ്രാമം. പൂനെയിൽ നിന്ന് 200 കിലോമീറ്റർ ദൂരം.
പാമ്പുകൾ ഇവിടെ സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. എല്ലാ വീടുകളിലും ഒരിത്തിരി ഭാഗം പാമ്പുകൾക്കായും ഈ ഗ്രാമവാസികൾ നീക്കിവച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. അപകടകാരികളായ പാമ്പുകൾക്കുവേണ്ടിയും സ്ഥലമോ? എന്നാൽ സത്യം ഇതാണ്. ഒരു ആരാധനാസ്ഥാനം പോലെയൊന്നാണിത്.
പാമ്പുകളിൽ മൂർഖനുകളുമായാണ് ഗ്രാമവാസികൾക്ക് കൂടുതൽ അടുപ്പം. വീട്ടുമുറ്റത്തോ, അകത്തളത്തിലോ തട്ടിൻപുറത്തോ മൂർഖൻ പാമ്പുകൾ ഇഴഞ്ഞുപോകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ഗ്രാമീണർ അതുകണ്ട് ഭയക്കാറേയില്ല. പാമ്പുകളും ആരാധനാ വിശ്വാസവും ചേർന്നുപോകുന്ന ഒരു ഗ്രാമമാണ് ഇവിടം. നാഗപഞ്ചമി പോലെയുള്ള ഉത്സവങ്ങൾ ഇവിടെ വളരെ കേമമായി ആഘോഷിക്കുന്നു.
ക്‌ളാസ്‌മുറികളിൽ പോലും പാമ്പ്കടിയേറ്റ് കുട്ടികൾ മരിക്കുന്ന ദുഃഖകരമായ വാർത്ത നമ്മുടെനാട്ടിൽ നിന്നും കേൾക്കാറുണ്ട്. അതേസമയം ഈ ഗ്രാമത്തിലെ സ്‌കൂളുകളിലെ ക്‌ളാസ് മുറികളിൽ കുട്ടികൾ അവയ്‌ക്കൊപ്പം തന്നെ കഴിയുന്നു. മാത്രമല്ല ചില വിരുതന്മാരാകട്ടെ അവയെ വച്ച് കളിക്കാറുമുണ്ട്.
പാമ്പുകളുമായുള്ള ഷെറ്റ്‌പാൽ ഗ്രാമവാസികളുടെ സഹവാസത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീ സിദ്ധരാമേശ്വർ മഹാരാജ് എന്ന വീരശൈവ സന്ന്യാസി വഴിയാണ് ഈ പതിവ് തുടങ്ങിയതെന്ന് ഒരു സൂചനയുണ്ട്. കവിയും സന്ന്യാസിയും സാമൂഹ്യ പരിഷ്‌കർത്താവുമായിരുന്നു അദ്ദേഹമെന്നാണ് വിവരം.
ശിവഭക്തനായ അദ്ദേഹം വഴി ശിവന്റെ ആഭരണമായ നാഗങ്ങളോട് ഗ്രാമവാസികൾക്ക് ആരാധനയും അടുപ്പവുമുണ്ടായി. ഇന്നും വീടുകളിൽ ഒരുഭാഗം ചുടുകട്ടകൾ കൊണ്ട് കെട്ടിത്തിരിച്ച് പാമ്പുകൾക്ക് ഗ്രാമവാസികൾ നൽകുന്നതായി പറഞ്ഞല്ലോ. ഈ സ്ഥലത്തിന് ദേവസ്ഥാനം എന്നാണ് അവർ വിളിക്കാറ്. മൂർഖൻ പാമ്പുകൾക്ക് സൗകര്യം പോലെ അകത്തു കടക്കാനും പുറത്തുപോകാനും അവിടെ സ്ഥലമുണ്ട്.
നാഗപഞ്ചമി നാളിൽ ഇവയ്‌ക്ക് വഴിപാട് കഴിക്കാറുമുണ്ട്. അനാവശ്യമായി പാമ്പിനെ പ്രകോപിപ്പിക്കാത്തതിനാൽ പാമ്പുകടിയേൽക്കുന്നതോ അതുമായി ബന്ധപ്പെട്ട മരണമോ ഇവിടെ കുറവാണ്. ശിവന്റെ ആഭരണം എന്ന നിലയിലും നാഗദേവത എന്നനിലയിലും അവരെ ആരാധിക്കുന്നു.
ഈ സ്ഥലത്തെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയും പാമ്പുകൾക്ക് അനുകൂലമാണ്. ഏറെ വരണ്ട കാലാവസ്ഥയാണ് ഇവിടെയെന്ന് കാണാം. ഇത്തരം കാലാവസ്ഥകളിൽ ഉരഗവർഗത്തിൽപെട്ട ജീവികൾ വലിയ തോതിൽ ഉണ്ടാകും. മഴയുള്ള കാലങ്ങളിൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇവ താമസിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ആരും തടയുകയോ ഭയക്കുകയോ ചെയ്യാത്തതിനാൽ പരസ്‌പര വിശ്വാസത്തോടെ പാമ്പുകളും മനുഷ്യരും ഇവിടെ കഴിഞ്ഞുപോകുന്നു.
Shetpal village in Maharashtra is popularly known as India’s “Snake Village.” Here, snakes are an integral part of everyday life, much like cattle and chickens in other villages. This unique coexistence has earned Shetpal its distinctive name.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |