SignIn
Kerala Kaumudi Online
Thursday, 15 October 2026 1.26 PM IST

ഇര പിടിക്കുമ്പോൾ ആ മാറ്റം സംഭവിക്കും, നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം; മനുഷ്യനെ വിഴുങ്ങുന്ന പെരുമ്പാമ്പ് ചില്ലറക്കാരനല്ല

python
പ്രതീകാത്മക ചിത്രം

പെരുമ്പാമ്പ്, കാഴ്ചയിൽ തന്നെ ഭയം തോന്നിപ്പിക്കുന്നതും ഇരയെ വരിഞ്ഞുമുറുക്കി കീഴടക്കുന്ന ഈ ഭീമൻ പാമ്പിനെ ഭയമില്ലാത്തവർ കുറവാണ്. വിഷമില്ലെങ്കിലും വലിപ്പവും രീതികളും കണ്ടാൽ നമ്മൾ ഒന്ന് ഭയന്നുപോകും. മുൻപ് കാടുകളിലാണ് ഇവ കൂടുതലായി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഗ്രാമ - നഗര വ്യത്യാസമില്ലാതെ ഇവയെ കാണാൻ കഴിയും.

ഇരയെ പതിയിരുന്ന് ആക്രമിച്ച് ശരീരത്തിൽ ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ച് കൊല്ലുന്നു. ശേഷം തലയുടെ ഭാഗത്തുനിന്ന് സാവധാനം ഇരയെ വിഴുങ്ങുന്നതാണ് പെരുമ്പാമ്പിന്റെ രീതി. ഒരിക്കൽ ഭക്ഷണം കഴിച്ചാൽ ദിവസങ്ങളോ ആഴ്ചകളോ വരെ പിന്നീട് ഇര തേടേണ്ട കാര്യം ഇവയ്ക്കില്ല.

python
പ്രതീകാത്മക ചിത്രം

കേരളത്തിൽ കാണുന്ന സാധാരണ പെരുമ്പാമ്പുകൾ മനുഷ്യനെ വിഴുങ്ങില്ലെങ്കിലും ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പായ റെറ്റിക്യുലേറ്റഡ് പൈത്തൺ ഇനങ്ങൾക്ക് മനുഷ്യരെ വിഴുങ്ങാൻ സാധിക്കും. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രത്യേകിച്ച് ഇന്തോനേഷ്യയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 അടിയോളം നീളമുള്ള വലിയ റെറ്റിക്യുലേറ്റഡ് പൈത്തണിന്റെ വയറ്റിൽ നിന്ന് മനുഷ്യരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത വാർത്തകൾ ഇന്തോനേഷ്യയിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.

ഇന്നും ശാസ്ത്രലോകം പെരുമ്പാമ്പിൽ പുതിയ പഠനങ്ങൾ നടത്തിവരികയാണ്. അവയുടെ ശരീര ഘടന, ഭക്ഷണരീതി, വാസസ്ഥലം എന്നിവയിൽ ഇനിയും നിരവധി കണ്ടെത്തലുകൾ നടത്താനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഒരു മനുഷ്യർ ചിന്തിക്കുന്നതിനും അപ്പുറമാണ് പെരുമ്പാമ്പിന്റെ പെരുമാറ്റം. ദി ജേണൽ ഓഫ് എക്സ്‌പെരിമെന്റൽ ബയോളജിയിൽ അടുത്തിടെ ബർമീസ് പെരുമ്പാമ്പുകളെക്കുറിച്ച് ഒരു പഠനം പങ്കുവച്ചിരുന്നു. അതിൽ പറയുന്ന പ്രധാന വിവരങ്ങൾ ഏന്തൊക്കെയാണെന്ന് നോക്കാം.

python
പ്രതീകാത്മക ചിത്രം

ഭക്ഷണം കഴിച്ചില്ലെങ്കിൽ

ബർമീസ് പെരുമ്പാമ്പുകൾ ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ അതിന്റെ ശരീരത്തിനുള്ളിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. അവയുടെ ദഹനവ്യവസ്ഥ പ്രവർത്തനരഹിതമാകുകയും എൻസൈമുകളുടെ ഉൽപാദനം വളരെ കുറയുകയും ചെയ്യുന്നു. ഇത് അവയവങ്ങളുടെ വലിപ്പം ചുരുക്കുന്നു. ആമാശയം പ്രവർത്തനങ്ങൾ നടത്തുന്നില്ല. ആസിഡ് ഉൽപാദിപ്പിക്കാതെ ഇരിക്കുന്നു. കരൾ, വൃക്കകൾ, പാൻക്രിയാസ്, ഹൃദയം എന്നിവയും പ്രവർത്തനം കുറയ്ക്കുന്നതിനാൽ ദീർഷകാലം ഇവയ്ക്ക് ഭക്ഷണം കഴിക്കാതെ ജീവിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എന്നാൽ ഇവ ഇരയെ പിടിക്കുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയവങ്ങൾ മാറുന്നു. കുടൽ വീണ്ടും സജീവമായി പ്രവർത്തിക്കുകയും ദഹന ആസിഡും എൻസൈമുകളും പുറത്തുവിടുകയും ചെയ്യുന്നു. ഹൃദയം, കരൾ, വൃക്കകളുടെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഒരു ദിവസത്തിനുള്ളിൽ പാമ്പിന്റെ ആമാശയത്തിൽ അസിഡിറ്റി ന്യൂട്രൽ pH ഏഴിൽ നിന്ന് രണ്ടിലേക്ക് കുറയുന്നു. ഇത് ഇരയുടെ പേശികളെയും അസ്ഥികളെയും വരെ ദഹിപ്പിക്കുന്നു.

python
പ്രതീകാത്മക ചിത്രം

തലയെക്കാൾ പതിമടങ്ങ് വലിപ്പമുള്ള ഇര

തന്റെ തലയേക്കാൾ പലമടങ്ങ് വലിപ്പമുള്ള മൃഗങ്ങളെ വളരെ എളുപ്പത്തിൽ വീഴുങ്ങാൻ പെരുമ്പാമ്പിന് കഴിയും. പെരുമ്പാമ്പിന്റെ തലയോട്ടിയിൽ ചലനശേഷിയുള്ള നിരവധി സന്ധികളുണ്ട്. ഇത് പെരുമ്പാമ്പ് അസാധാരണമായ വഴക്കം നൽകുന്നു. കീഴ്‌ത്താടിയെല്ലുകൾ വലിച്ച് നീട്ടാൻ സാധിക്കുന്ന തരത്തിലുള്ള ലിഗമെന്റ് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വായ എത്ര വലുപ്പത്തിൽ വേണമെങ്കിലും തുറക്കാൻ പെരുമ്പാമ്പിനെ സഹായിക്കുന്നു. ഇരയെ തങ്ങളുടെ 'ടെറിഗോയിഡ്' പല്ലുകൾ ഉപയോഗിച്ച് താടിയെല്ലുകളെ ഒന്നിനുപിന്നാലെ ഒന്നായി ചലിപ്പിച്ചുകൊണ്ട് ഇരയെ ഉള്ളിലേക്ക് വലിച്ചുകയറ്റുകയാണ് ഇവ ചെയ്യുന്നത്.

python
പ്രതീകാത്മക ചിത്രം

അന്നനാളവും വികസിക്കുന്നതിനാൽ ഇരകൾ നേരെ വയറ്റിൽ എത്തുന്നു. ഇരയെ ഞെക്കിക്കൊല്ലുന്നതിനും വീഴുങ്ങുന്നതിന് വലിയ ശാരീരിക അധ്വാനം ഇവയ്ക്ക് വേണ്ടിവരുന്നു. ഹൈഡ്രോക്ലോറിക് ആസിഡ്, പെപ്സിൻ എന്ന എൻസൈം എന്നിവ സജീവമാക്കി പെരുമ്പാമ്പ് വേഗത്തിൽ ഭക്ഷണം ദഹിപ്പിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആഹാരത്തിന്റെ മുക്കാൽ ഭാഗത്തോളം ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്ക് നീങ്ങുന്നു. ഈ സമയത്ത് ചെറുകുടലിന്റെ ഭാരം ഏകദേശം ഈരട്ടിയാകുകയും ചെയ്യുന്നു.

ദഹനരസങ്ങളും പിത്തരസവും വൻതോതിൽ ഉൽപാദിപ്പിക്കപ്പെടുന്നതോടെ പോഷകങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയ മുന്ന് മുതൽ പത്തുമടങ്ങ് വരെ വർദ്ധിക്കുന്നു. ഇത്രയും വേഗത്തിലുള്ള മാറ്റങ്ങൾക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്. ആഹാരത്തിൽ നിന്ന് ലഭിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ 37 ശതമാനം വരെ ദഹനപ്രക്രിയയ്ക്കായി ചെലവാകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ദഹനം പൂർത്തിയായാൽ സാധാരണ വലിപ്പത്തിലേക്ക് എത്തുമെന്നും ഗവേഷകർ പറയുന്നു.

English Summary

A recent study on Burmese pythons explores the remarkable changes that occur in their bodies during digestion and periods without food. When fasting, their digestive organs reduce activity, helping them survive for extended periods without eating.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BURMESE PYTHON, PYTHON DIGESTION, RETICULATED PYTHON, SNAKE FEEDING HABITS, PYTHON SCIENTIFIC STUDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360