SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഠിന പരീക്ഷ: തുടർച്ചയായി നാലുദിവസം നാലെണ്ണം

kannur
കണ്ണൂർ യൂണിവേഴ്സിറ്റി

ഡിഗ്രി നാലാം വർഷ പരീക്ഷകളുടെ ഇടയിൽ ഒറ്റദിവസം ഇടവേളയില്ലാതെ രണ്ടാംസെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷകളും

കണ്ണൂർ: വിദ്യാർത്ഥികളെ കഠിനമായി പരീക്ഷിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി. ഒറ്റദിവസത്തെ ഇടവേള പോലും നൽകാതെ തുടർച്ചയായ നാലുദിവസം പരീക്ഷ വച്ചാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പമ്പരം പോലെ കറക്കുന്നത്. വലിയ ഫീസ് ഈടാക്കി നടത്തുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ വല്ല വിധേനയും നടത്തിത്തീർക്കുകയാണ് യൂണിവേഴ്സിറ്റി പരീക്ഷാവിഭാഗം. ആറുമാസം മുമ്പ് നടന്ന ഒന്നാം സെമസ്റ്റർ ഇംപ്രൂവ്മെന്റിന്റെ ഫലം ഇനിയും പ്രസിദ്ധീകരിക്കാൻ ബാക്കി നിൽക്കെയാണ് ഇടവേളയില്ലാതെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ തള്ളിവിടുന്നത്.

നാലാം സെമസ്റ്റർ പരീക്ഷകൾ ഇന്നലെയാണ് ആരംഭിച്ചത്. 21, 23 തീയ്യതികളിലാണ് നാലാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷകൾ നടക്കുന്നത്. കുട്ടികൾക്ക് പഠിക്കാൻ ആകെ ഉള്ള 22ാം തീയതിയിൽ രണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷ നിശ്ചയിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി. ഫലത്തിൽ ഒരുതരത്തിലും കുട്ടികൾ ഇംപ്രൂവ്മെന്റ് നേടരുതെന്ന ശാഠ്യമുള്ളതുപോലെ. 23ന് നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം വീണ്ടും രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷയാണ്.

വിദ്യാർത്ഥികൾക്ക് പഠിക്കാനോ ഒരുക്കങ്ങൾ നടത്താനോ സമയം നൽകാതെയാണ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. റെഗുലർ പരീക്ഷയ്ക്ക് പഠിക്കണോ അതോ സപ്ലിമെന്ററി പരീക്ഷയ്ക്ക് പഠിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികൾ.

ആര് മെച്ചപ്പെടും ഈ പരീക്ഷകളിൽ

ലഭിച്ച മാർക്കിനെ മെച്ചപ്പെടുത്താനാണ് സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സമയക്രമം നിശ്ചയിച്ചതും ആ പരീക്ഷകൾ എഴുതുന്നതും മറ്റ് പരീക്ഷകളുടെ മാർക്കിനെ കൂടി ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. ഏപ്രിൽ ആദ്യ വാരം നിശ്ചയിച്ച പരീക്ഷയാണ് മറ്റ് കാരണങ്ങൾ കൊണ്ട് വൈകി റെഗുലർ പരീക്ഷയുടെ ഇടയിൽ വന്നിരിക്കുന്നത്.

മാറ്റിയത് പ്രവേശന പരീക്ഷകൾ മൂലമെന്ന്

വിവിധ പ്രവേശന പരീക്ഷകളും മത്സര പരീക്ഷകളും നടക്കുന്നതിനാലാണ് നേരത്തെ നിശ്ചയിച്ച സമയത്ത് പരീക്ഷകൾ നടത്താൻ സാധിക്കാതിരുന്നതെന്നാണ് പരീക്ഷാ നടത്തിപ്പ് വിഭാഗത്തിന്റെ വിശദീകരണം. ഇപ്പോഴത്തെ തീയതികൾ സപ്ലിമെന്ററി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെ മാത്രമേ ബാധിക്കുകയുള്ളുവെന്ന വിചിത്ര വാദവും സർവകലാശാല നിരത്തുന്നുണ്ട്. വലിയ തുകയാണ് രജിസ്ട്രേഷൻ ഫീസ് ആയി വിദ്യാർത്ഥികൾ സർവകലാശാലകളിൽ അടക്കുന്നത്.

യൂണിയൻ ഇടപെടലും ഫലം കണ്ടില്ല

വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന തരത്തിൽ പരീക്ഷാ തീയതി നിശ്ചയിച്ച സംഭവത്തിൽ സർവകലാശാല യൂണിയൻ പരീക്ഷാവിഭാഗത്തെ പരാതി അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. എന്നാൽ സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ ഇതുവരെ പ്രതിഷേധമുയർത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു കൂസലുമില്ലാതെയാണ് വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന രീതിയിൽ പരീക്ഷാതീയതികൾ ക്രമീകരിച്ചത്

പരീക്ഷ തീയ്യതി വീണ്ടും മാറ്റുക എന്നത് പ്രായോഗികമല്ല .അദ്ധ്യയന വർഷത്തിൽ മറ്റൊരു തീയതി ഇതിനു വേണ്ടി നിശ്ചയിക്കാനും ഇല്ല .സപ്ല്മെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്ന ഈ ബുദ്ധിമുട്ടിൽ ഒന്നും ചെയ്യാൻ കഴിയില്ല-

കണ്ണൂർ സർവകലാശാല പരീക്ഷ നിയന്ത്രണ വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UNIVERITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL