SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ഷംസീറിനു പകരം കാരായി രാജൻ; കരുക്കൾ നീക്കി യു.ഡി.എഫ്

shamseer
എ.എൻ. ഷംസീ‌ർ

തലശ്ശേരി: ഇടതു കോട്ടയായ തലശ്ശേരി നിയോജകമണ്ഡലത്തിൽ സിറ്റിംഗ് സിറ്റ് നിലിനിർത്താൻ മുതിർന്ന നേതാവ് കാരായി രാജനെ രംഗത്തിറക്കാൻ എൽ.ഡി.എഫ്. യു.ഡി.എഫ്, എൻ.ഡി.എ. മുന്നണികളുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിൽ. നിലവിലെ സ്പീക്കറും രണ്ടുതവണ എം.എൽ.എയുമായ എ.എൻ. ഷംസീറിന് പകരക്കാരനായാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ എത്തുന്നത്.
തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മൂന്നാം തവണ പിന്മാറണമെന്ന സി.പി.എം. നയം പ്രാബല്യത്തിൽ വന്നതോടെ, 2011 മുതൽ തലശ്ശേരി പ്രതിനിധീകരിക്കുന്ന ഷംസീറിന്റെ 'മൂന്നാമൂഴം' അസ്തമിച്ചു. കാരായി രാജൻ ഫസൽ വധക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്ന ചരിത്രമുള്ളയാളാണ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം റബ്‌കോ ചെയർമാനായി പ്രവർത്തിക്കുന്ന രാജൻ, പ്രവർത്തകരുടെ ഇടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. ഒരേ കേസിൽ ഉൾപ്പെട്ട കാരായി ചന്ദ്രശേഖരൻ ഇപ്പോൾ തലശ്ശേരി നഗരസഭ ചെയർമാൻ പദവിയിലാണ്.

യു.ഡി.എഫ് നിരയിൽ ഒന്നിലേറെ പേർ സ്ഥാനാർത്ഥി മോഹവുമായി കാത്തിരിക്കുകയാണ്. 2021ൽ 45,009 വോട്ടുമായി രണ്ടാം സ്ഥാനത്ത് നിന്ന കോൺഗ്രസ് നേതാവ് എം.പി. അരവിന്ദാക്ഷൻ ഇത്തവണ മത്സരരംഗത്തില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക്, ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു, മമ്പറം ദിവാകരൻ, ഷമാ മുഹമ്മദ്, റിജിൽ മാക്കുറ്റി, അബ്ദുൾ റഷീദ് തുടങ്ങിയ പേരുകൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നു.
ബി.ജെ.പി. ജില്ലാ മുൻ പ്രസിഡന്റ് എൻ. ഹരിദാസിനെ ഇക്കുറി വീണ്ടും പരിഗണിക്കുന്നുണ്ട്. 2021ൽ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ട് മത്സരത്തിൽ നിന്ന് പുറത്തു പോകേണ്ടി വന്ന ഹരിദാസ് ഇത്തവണ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എം.എൽ.എയായ ചരിത്രമുള്ള മണ്ഡലത്തിൽ തലശ്ശേരി നഗരസഭ, കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂ മാഹി ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു.



ഷംസീറിന്റെ ശ്രദ്ധേയ ഭൂരിപക്ഷം
2021ൽ 36,801 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഷംസീർ വിജയിച്ചത്. തലശ്ശേരി നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നേടി. 2011 ൽ 34,117 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊണ്ട് ആദ്യമായി ജയം ഉറപ്പിച്ച ഷംസീർ, 2021ൽ ആ നേട്ടം കൂടുതൽ ഉയർത്തി. സ്പീക്കർ എന്ന നിലയിൽ നിയമസഭയ്ക്കകത്തും മണ്ഡലത്തിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച ഷംസീർ, അന്താരാഷ്ട്ര പുസ്തകോത്സവം ഉൾപ്പെടെ വൈവിദ്ധ്യമാർന്ന കാര്യങ്ങളിൽ ശ്രദ്ധ നേടി.

2021ലെ തിരഞ്ഞെടുപ്പു ഫലം
അഡ്വ. എ.എൻ. ഷംസീർ (എൽ.ഡി.എഫ്) 81,810
എ.പി. അരവിന്ദാക്ഷൻ ( യു.ഡി.എഫ്) 45,009

ഭൂരിപക്ഷം: 36,801

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL