
കോലഞ്ചേരി: പുത്തൻകുരിശ് വരിക്കോലിയിൽ സാൽവേഷൻ ആർമിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കണ്ണുവെച്ച് ഭൂമാഫിയ. ആശുപത്രിയോടു ചേർന്ന അഞ്ചേക്കർ ഭൂമിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വിവാദത്തിന് പശ്ചാത്തലം. സാൽവേഷൻ ആർമിയുടെ ഭൂമി കൈമാറ്റം ചെയ്യുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് സംഘടനാ അധികൃതർ വിശദീകരിച്ചു. ആശുപത്രി വികസനത്തിനും കൺവെൻഷൻ സെന്റർ നിർമ്മാണത്തിനുമാണ് മണ്ണെടുപ്പ് പരിഗണിച്ചത്.
സാൽവേഷൻ ആർമിയുടെ ഇന്ത്യയിലെ ഭൂസ്വത്തുക്കൾ ഏകീകൃത ഭരണസംവിധാനത്തിന് കീഴിലാണ്. പ്രാദേശിക ഭാരവാഹികൾക്കോ ഉദ്യോഗസ്ഥർക്കോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അധികാരമില്ലെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി. വ്യക്തികൾക്ക് സ്വതന്ത്രമായി ഭൂമി കൈമാറാൻ കഴിയാത്തവിധം നിയന്ത്രണങ്ങൾ നിലവിലുണ്ട്.
വിൽക്കുന്നെന്ന് പ്രചാരണം,
ആഭ്യന്തര കലഹമാകാമെന്ന് നേതൃത്വം
പുത്തൻകുരിശിലെ ഭൂമി വിൽക്കുന്നതായുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര തർക്കങ്ങളുണ്ടാകാമെന്നാണ് നേതൃത്വത്തിന്റെ ആരോപണം. ആശുപത്രിയോടു ചേർന്നുള്ള കുത്തനെയുള്ള മൺതിട്ടയും മണ്ണിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് 2023ലാണ് മണ്ണെടുക്കൽ പരിഗണിച്ചത്. അപകടസാദ്ധ്യത കുറയ്ക്കുന്നതിനൊപ്പം ആശുപത്രി വികസനത്തിനും പുതിയ കൺവെൻഷൻ സെന്റർ കെട്ടിടത്തിന് സ്ഥലം ഒരുക്കാനുമാണ് ഉദ്ദേശിച്ചത്. മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി കോടതിയിൽ കേസ് നിലവിലുണ്ട്. കേസിൽ അന്തിമതീർപ്പായിട്ടില്ല.
വരിക്കോലി സാൽവേഷൻ ആർമി പള്ളിയുടെ ചുമതലയിലുണ്ടായിരുന്ന മുൻ പാസ്റ്ററുമായുള്ള തർക്കമാണ് ഭൂമി വിവാദത്തിലേക്ക് നയിച്ചതെന്നാണ് നേതൃത്വം ആരോപിക്കുന്നത്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ആസ്ഥാനം അദ്ദേഹത്തെ പുറത്താക്കിയെന്നും ജൂലായ് 22 മുതൽ സാൽവേഷൻ ആർമിയുടെ യൂണിഫോം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ടെറിട്ടറി കമാണ്ടർ കനകരാജ് പറഞ്ഞു.
വരിക്കോലിയിലെ പള്ളി കെട്ടിടം ഒഴിയാത്തതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി നിയമനടപടികൾ തുടരുകയാണ്.
ഭൂമിയുമായി ബന്ധപ്പെട്ട താത്പര്യങ്ങൾ ശക്തമാകുന്നതിന് പിന്നിൽ വൻകിട കോർപ്പറേറ്റ് താത്പര്യങ്ങളുണ്ട്. സംസ്ഥാനത്തെ വൻകിട ഭൂമി ഇടപാടുകൾ നിയന്ത്രിക്കുന്ന സംഘമാണ് സൽവേഷൻ ആർമി ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നതെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |