SignIn
Kerala Kaumudi Online
Thursday, 22 October 2026 3.24 AM IST

ഇടവേള... ശ്രീധർ തിരിച്ചുവരും, പുതുപുത്തനായി

sreedhar

കൊച്ചി: കൊച്ചിയുടെ പ്രിയപ്പെട്ട ഹോളിവുഡ് സിനിമാകേന്ദ്രമായ ശ്രീധർ സിനിമാസിന് പ്രദർശന ഇടവേള. ആധുനിക സാങ്കേതികവിദ്യയും പാർക്കിംഗ് സൗകര്യങ്ങളുമായി ശ്രീധർ വീണ്ടും തുറക്കും. തിയേറ്റർ അടച്ചുപൂട്ടിയെന്ന പ്രചാരണം ഉടമകൾ നിഷേധിച്ചു.

തിങ്കളാഴ്ചയാണ് പ്രദർശനം താത്കാലികമായി നിറുത്തിയത്. തിയേറ്റർ നിലനിറുത്തുമെന്ന് ഉടമയായ സുരേഷ് ഷേണായ് 'കേരളകൗമുദി'യോട് പറഞ്ഞു. നവീകരണവും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. നവീകരണത്തിന് അന്തിമരൂപമായിട്ടില്ല. ഒന്നിലേറെ സ്ക്രീനുകൾ ഉൾപ്പെടെ ലക്ഷ്യമിടുന്നു. മാറുന്ന സാങ്കേതികവിദ്യകൾ പ്രകാരമുള്ള തിയേറ്റർ ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൂടുതൽ സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് സിനിമകളുടെ ആസ്ഥാനമാണ് എറണാകുളം മേനക ജംഗ്ഷനിലെ ശ്രീധർ തിയേറ്റർ. ഹോളിവുഡ് നിർമ്മാണ കമ്പനിയായ കൊളംബിയ പിക്ചേഴ്സുമായുള്ള ദീർഘകാലകരാർ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകൾ ഹോളിവുഡിനൊപ്പം ശ്രീധറിലും റിലീസ് ചെയ്തിരുന്നു.

ടൈറ്റാനിക്, ജുറാസിക് പാർക്ക്, ദ ഗോഡ്ഫാദർ തുടങ്ങിയ സിനിമകൾ കാണാൻ ശ്രീധറിന് മുന്നിലെ നീണ്ട ക്യൂവിന് നഗരം സാക്ഷിയായിരുന്നു. ഒ.ടി.ടിയും മൾട്ടിപ്ലക്‌സും കടന്നുകയറിയെങ്കിലും ശ്രീധർ പിടിച്ചുനിന്നു.

1964ൽ തുടക്കം

മികച്ച ശബ്ദവിന്യാസവും ശീതീകരണ സൗകര്യവുമുള്ള ശ്രീധർ ഇടയ്‌ക്ക് നവീകരിച്ചിരുന്നു. ജോൺ പോളും ശ്രീനിവാസനും ഉൾപ്പെടെ സിനിമാപ്രവർത്തകരും പതിവായി എത്തിയിരുന്നു. 1964ലാണ് ഷണ്മുഖം റോഡിൽ ശ്രീധർ സിനിമാസ് ആരംഭിച്ചത്. എം.ജി റോഡിലെ പത്മ, ഷേണായീസ് തിയേറ്ററുകളുടെ ഉടമകളായ ഷേണായി കുടുംബത്തിന്റേതാണ് ശ്രീധർ. ലക്ഷ്മണൻ ഷേണായിയുടെ മകൻ ശ്രീധർ ഷേണായിയുടെ ഓർമ്മയ്‌ക്കാണ് പേര് നൽകിയത്.

സമ്പൂർണമായി നവീകരിച്ച് എല്ലാവിധ സൗകര്യങ്ങളുമായി ശ്രീധർ തിരിച്ചുവരും.

സുരേഷ് ഷേണായി

ഉടമ

കോളേജ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രിയപ്പെട്ട കേന്ദ്രമാണ് ശ്രീധർ തിയേറ്റർ. ചലച്ചിത്ര ചരിത്രത്തിൽ ശ്രീധർ എന്നും തിളങ്ങി നിൽക്കും.

റഫീക് സീലാട്ട്

സംവിധായകൻ,

തിരക്കഥാകൃത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SREEDHAR CINEMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL