SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

തലശ്ശേരിയിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ശതവാർഷികാഘോഷത്തിന് തുടക്കം

gurudeva

തലശ്ശേരി: തന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ഗുരുദേവൻ എതിരായിരുന്നുവെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു.തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ പ്രതിമ സ്ഥാപിച്ചതിന്റെ ശതവാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
തന്നെയും പ്രപഞ്ചത്തേയും ഒരു പോലെ മനസ്സിലാക്കിയ താപസനായിരുന്നു ഗുരുദേവൻ.സത്യദർശനത്തിന്റെ അനുഭവമാണ് ഗുരുവിനെ സമത്വബോധമുള്ള ദാർശനികനാക്കി മാറ്റിയത്. തമ്മിൽ വിരുദ്ധമെന്ന് തോന്നുന്നതിനെയെല്ലാം തമ്മിൽ കൂട്ടിയിണക്കാനായതാണ് ഗുരുവിന്റെ മാഹാത്മ്യം.
ജീവശാസ്ത്രത്തിൽ ഊന്നിനിന്നാണ് ഗുരു ഏക ജാതി ദർശനം ലോകത്തിന് പ്രദാനം ചെയ്തത്. ജാതി ഘടനയെ തകർക്കാൻ ഗുരുവിന് മുമ്പ് ഒരു താപസനോ , ഗുരുവോ മുതിർന്നിട്ടില്ല. സർവ്വ മത സമ്മേളനത്തിന്റെ പ്രസക്തി ലോകമാകെ ഏറിവരികയാണിന്ന്. ഏകമായ സത്യത്തെ പലരും പല പേരിട്ട് വിളിച്ചു. എല്ലാറ്റിന്റെയും സാരം ഒന്നു തന്നെയാണെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. എല്ലാ ഭേദചിന്തകൾക്കും അതിതമായ കാഴ്ചപ്പാടുണ്ടാകണം. മതത്തെ മുൻനിർത്തി ഇന്ന് വിദ്വേഷ പ്രചാരണം വ്യാപകമായി നടക്കുന്നു. ഒന്ന് മാത്രമാണ് ശരി എന്ന് പറയുന്നതാണ് തെറ്റ്. ലോകമുള്ള കാലത്തോളം ഗുരുദർശനങ്ങൾ മാനവരാശിക്കൊപ്പം നിലനിൽക്കുമെന്നുറപ്പാണെന്നും സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു.
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ (ശിവഗിരി മഠം) അനുഗ്രഹഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. ടി.വി. വസുമിത്രൻ എൻജിനീയർ മുഖ്യഭാഷണം നടത്തി. പത്മരാജ് ആർ.പൂജാരി, ഭാഗ്യശീലൻ ചാലാട്, പി.വിനയകുമാർ സംസാരിച്ചു.ഡയറക്ടർമാരായ സി.ഗോപാലൻ സ്വാഗതവും, ടി.സി.ദിലീപ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സന്ധ്യക്ക് നൂറ് നിലവിളക്കുകൾ തെളിയിച്ച് പുഷ്പാർച്ചനയും നടന്നു. തുടർന്ന് മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.
ഇന്നലെ കാലത്ത് 10ന് സഹസ്ര ഗുരുപൂജാ യജ്ഞം നടന്നു. ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ , സമൂഹപ്രാർത്ഥന എന്നിവയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL