SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

താൻ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയാനാവുന്നില്ല പയ്യന്നൂർ സംഘർഷ ഭരിതമാക്കുവാൻ സി.പി.എം ശ്രമം: വി. കുഞ്ഞികൃഷ്ണൻ

kunchi
വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: താൻ ഉന്നയിച്ച ചോദ്യങ്ങൾക്കും കണക്കുകൾക്കും വ്യക്തമായ മറുപടി നൽകുവാൻ കഴിയാത്ത സി.പി.എം, പയ്യന്നൂർ മണ്ഡലം സംഘർഷഭരിതമാക്കുവാൻ ശ്രമിക്കുകയാണെന്ന് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്, തന്റെ സ്വന്തം സ്ഥലത്തെ മതിലിന് മുകളിൽ എഴുതിയ ചുമരെഴുത്ത് പോലും മായ്ച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പരസ്യം എഴുതിയത്. ഒരു പാർട്ടി എഴുതിയ ചുമരെഴുത്തിന് മുകളിൽ മറ്റൊരു കക്ഷി ചുമരെഴുത്ത് നടത്തുന്നത് എന്ത് ജനാധിപത്യമാണെന്ന് എൽ.ഡി.എഫ് നേതൃത്വം വ്യക്തമാക്കണം. താൻ ജനങ്ങൾക്ക് മുൻപിൽ ഉന്നയിച്ച വിഷയങ്ങളിൽ സ്ഥാനാർത്ഥിക്കടക്കം മറുപടി പറയുവാൻ കഴിയാത്തത് കളങ്കിനായതു കൊണ്ടാണ്.

അത്തരമൊരു വ്യക്തി വിജയിക്കുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. താൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയല്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായതിനു ശേഷം യു.ഡി.എഫ്. പിന്തുണയ്ക്കുകയായിരുന്നു. ആരെയും അങ്ങോട്ട് സമീപിച്ചിട്ടില്ല. ഇങ്ങോട്ട് വന്ന് ആരു പിന്തുണക്കുന്നതിലും എതിർപ്പില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

തന്നെ യു.ഡി.എഫിന്റെ തൊഴുത്തിൽ കെട്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുവാനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നത്. പാർട്ടി വോട്ട് ചോർച്ചയെ ഭയപ്പെടുന്നു. പണ്ട് സി.പി.എം. ചെയ്തതു മാത്രമെ താനും ചെയ്യുന്നുള്ളു. സി.പി.എമ്മിനുള്ള നാല് എം.പിമാരിൽ മൂന്ന് പേരും കോൺഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ചവരാണ്. ഇതെല്ലാം മറച്ചുവെച്ചാണ് തന്നെ കോൺഗ്രസ്സ് ആക്കുവാൻ ശ്രമിക്കുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പൊലീസ് സംരക്ഷണം വേണ്ട

ബൈക്ക് കത്തിച്ച സംഭവത്തിലും റീത്ത് വെച്ചതിലും അന്വേഷണം കാര്യമായ നിലയിൽ നടക്കുന്നില്ലെന്നും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ പൊലീസ് സംരക്ഷണത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പോലീസ് സംരക്ഷണം കൊണ്ട് മാത്രം പരിപൂർണ്ണ സുരക്ഷിതത്വം കിട്ടുമെന്ന് കരുതുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. സി. പി.എമ്മിനകത്തെ തെറ്റായ പ്രവണതകൾ ആദ്യം പാർട്ടിക്കകത്താണ് താൻ ചോദ്യം ചെയ്തതെന്നും എന്നാൽ അതിന് കൃത്യമായ മറുപടി പറയുവാൻ കഴിയാത്ത നേതൃത്വം തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തതെന്നും പാർട്ടിയെ രക്ഷിക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ലാതായതിനെ തുടർന്നാണ് പുസ്തക രൂപത്തിൽ പൊതു ജനസമക്ഷം തുറന്നു പറഞ്ഞതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL