SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മഞ്ചേശ്വരത്ത് യു.ഡി.എഫിന് പുതിയ തലവേദന സമ്മർദ്ദത്തിലും മത്സരത്തിലുറച്ച് കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ അസോസിയേഷൻ സ്ഥാനാർത്ഥി

vote-

ആറായിരം മുതൽ ഏഴായിരം വരെ വോട്ടുണ്ടെന്ന് അവകാശവാദം

കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജീൻ ലെവീന മൊന്തേരോ മത്സരത്തിലുറച്ച് നിൽക്കുന്നത് യു.ഡി.എഫിന് തലവേദനയാകുന്നു.നേരത്തെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് മമണ്ഡലത്തിൽ എണ്ണായിരത്തിനടുത്ത് വോട്ടുകളുള്ള എസ്.ഡി.പി.ഐ പിൻമാറിയതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് നിർണായക സ്വാധീനമുള്ള കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ അസോസിയേഷന്റെ നേതാവു കൂടിയായ ജീൻ ലെവീന മൊന്തേരോ മത്സരത്തിൽ തുടരുന്നത്.

സഭയിൽ നിന്നും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിലും താൻ മത്സരത്തിൽ തുടരുമെന്നാണ് ജീൻ ലെവീന മൊന്തേരോ ഇന്നലെ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ അസോസിയേഷൻ യോഗങ്ങൾ വിളിച്ചു ചേർത്ത് കേരളത്തിൽ ലാറ്റിൻ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം നൽകാത്തതിൽ പ്രതിഷേധിച്ചിരുന്നു. ജില്ലയിൽ മംഗളൂരു കത്തോലിക്ക രൂപതയുടെ കീഴിൽ വരുന്ന 16 പള്ളികളാണ് കൊങ്കിണി ക്രിസ്ത്യൻ സമൂഹത്തിനുള്ളത്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം ലഭിക്കാത്തതിൽ ഇവർക്ക് കടുത്ത അസംതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിൽ സ്വന്തം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി സ്ഥാനാർത്ഥിയെ നിർത്തണമെന്ന നിലപാട് അസോസിയേഷൻ കൈക്കൊണ്ടത്.

ഏകദേശം 6,000 മുതൽ 7,000 വരെ വോട്ടുകൾ ഈ സമൂഹത്തിന് മണ്ഡലത്തിൽ ഉണ്ടെന്നാണ് കണക്ക് . ഇതുവരെ ഇവർ പ്രധാനമായും യു.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്.

ജീൻ ലെവീന മുൻ പഞ്ചായത്ത് പ്രസിഡന്റ്

മഞ്ചേശ്വരത്ത് സ്വതന്ത്ര ക്രിസ്ത്യൻ സ്ഥാനാർത്ഥികളുടെ സാന്നിധ്യം പുതുമയല്ല. എന്നാൽ 2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രയായി മത്സരിച്ച ജീൻ ലെവീന മൊന്തേരോ

ബി.ജെ.പി പിന്തുണയിൽ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. യു.ഡി.എഫ് നേതൃത്വം മംഗളൂരു, വോർക്കാടി പള്ളി അധികൃതരുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ജീൻ ലെവീന മൊന്തേരോയോട് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും കൂടെ നിൽകുന്നവരെ നിരാശപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണിവർ.

ലീഗ് വിമതനും ഉറച്ച്

മഞ്ചേശ്വരത്ത് 11 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായ കെ.എം. അഷ്റഫ് അടക്കമുള്ള ചിലർ നാമനിർദ്ദേശം പിൻവലിച്ചെങ്കിലും മുൻ ലീഗ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കണ്ണൂർ അബ്ദുല്ല മാസ്റ്റർ പിൻവാങ്ങാത്തതും യു.ഡി.എഫിന്റെ തലവേദനയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL