SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഇരിക്കൂർ കോൺഗ്രസിന്റെ പൊന്നാപുരം കോട്ട

sajeev-joseph

ഇരിക്കൂർ: ഏത് മണ്ഡലത്തിൽ തോറ്റാലും ഇരിക്കൂറിൽ അടിപതറില്ലെന്ന ആത്മവിശ്വാസമുണ്ട് കോൺഗ്രസിന് .നാല് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയമാണ് ഇരിക്കൂറിനെ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാക്കിയത്. നേതാക്കൾ മത്സരിക്കാൻ അതിയായ താത്പര്യം പ്രകടിപ്പിക്കുന്ന മണ്ഡലമാണ് ഇന്നും ഇരിക്കൂർ.

സിറ്റിംഗ് എം.എൽ.എയായ അഡ്വ. സജീവ് ജോസഫാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് (എം) നേതാവ് അഡ്വ. മാത്യു കുന്നപ്പള്ളിക്ക് എന്ത് ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ട്വന്റി ട്വന്റിയുടെ പി.ശ്രീനാഥാണ് എൻ.ഡി.എ സ്ഥാനാർത്ഥി.


നായനാരെ ആദ്യം നിയമസഭയിലെത്തിച്ച മണ്ഡലം

ശ്രീകണ്ഠാപുരം നഗരസഭ, ആലക്കോട്, ചെങ്ങളായി, എരുവേശി, ഇരിക്കൂർ, നടുവിൽ, പയ്യാവൂർ, ഉദയഗിരി, ഉളിക്കൽ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ മണ്ഡലം. ഇടതുപക്ഷത്തിന് ബാലികേറാമലയല്ല ഇരിക്കൂർ. സാക്ഷാൽ ഇ.കെ നായനാരെ ആദ്യമായി നിയമസഭയിലേക്കെത്തിച്ച മണ്ഡലമെന്ന ചരിത്രം കൂട്ടിനുണ്ട്. 1974ലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ വിജയം.

1982 മുതൽ 2016 വരെ കോട്ടയത്ത് നിന്നെത്തിയ കെ.സി ജോസഫിനെ എട്ടുവട്ടമാണ് തുടർച്ചയായി ഇരിക്കൂർ വിജയിപ്പിച്ചയച്ചത്. 2021 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഡ്വ. സജീവ് ജോസഫായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റിയാനിമറ്റമായിരുന്നു എതിർസ്ഥാനാർത്ഥി. സജീവ് ജോസഫിന്റെ വിജയം 10,010 വോട്ടിനായിരുന്നു.

2026ലേക്കെത്തുമ്പോൾ ഇരിക്കൂറിൽ കോൺഗ്രസിന് നാലിരട്ടി ആത്മവിശ്വാസമാണ് ഉള്ളത്. യു.ഡി.എഫ് ക്യാമ്പുകൾ ആവർത്തിച്ചുപറയുന്നുമുണ്ട്. അഡ്വ. സോണി സെബാസ്റ്റ്യന് സീറ്റ് നൽകണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നുവെങ്കിലും സജീവ് ജോസഫിന് തന്നെ വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു.

സജി കുറ്റിയാനിമറ്റത്തെ മാറ്റിനിർത്തിയാണ് മാത്യു കുന്നപ്പള്ളിയെ കേരള കോൺഗ്രസ് (എം) മണ്ഡലം പിടിക്കാൻ ഇറക്കിയിരിക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത ഇടമാണ് ഇരിക്കൂർ. പരമാവധി വോട്ട് സമാഹരിക്കാനാണ് ട്വന്റി 20യുടെ പി.ശ്രീനാഥിന്റെ പരിശ്രമം.


ഇരിക്കൂർ @ 2021

ആകെ വോട്ടർമാർ 195695
പോൾ ചെയ്തത് 152516

ശതമാനം 77.94
സജീവ് ജോസഫ് (യു.ഡി.എഫ്) 76764
സജി കുറ്റിയാനിമറ്റം (എൽ.ഡി.എഫ്) 66754
ആനിയമ്മ (ബി.ജെ.പി) 7825
ഭൂരിപക്ഷം 10010

2024 ലോകസഭ
യു.ഡി.എഫ് 81144
എൽ.ഡി.എഫ് 46358
ബി.ജെ.പി 13562
യു.ഡി.എഫ് ഭൂരിപക്ഷം 34786

2025 തദ്ദേശം
യു.ഡി.എഫ് ഭൂരിപക്ഷം 31078

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL