SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.17 AM IST

വനിതാ പ്രാതിനിധ്യം മറന്ന് മുന്നണികൾ, സ്ഥാനാർത്ഥികൾ വെറും മൂന്ന്

ph-1
കെ.കെ .ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 78 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളപ്പോൾ വനിതകളായി വെറും മൂന്ന് പേർ മാത്രം. പേരാവൂരിൽ കെ.കെ ശൈലജ, തളിപ്പറമ്പിൽ പി.കെ ശ്യാമള എന്നിവർ എൽ.ഡി.എഫിനുവേണ്ടിയും യു.ഡി.എഫിനായി കൂത്തുപറമ്പിൽ മുസ്ലിം ലീഗിലെ ജയന്തിരാജനുമാണ് അങ്കത്തട്ടിലുള്ള വനിതകൾ. എൻ.ഡി.എയ്ക്ക് ജില്ലയിൽ വനിതാ സ്ഥാനാ‌ർത്ഥികളില്ല.

കണ്ണൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് എ.ഐ.സി.സി വക്താവ് കൂടിയായ ഷമാ മുഹമ്മദ് പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ സീറ്റ് നൽകിയില്ല. ഇതേതുടർന്ന് പാർട്ടിക്കുള്ളിലെ വനിത വിവേചനത്തെ പരസ്യമായി എതിർത്ത് ഷമാ മുഹമ്മദ് ഫേസ്ബുക്കിലും കുറിപ്പിടുകയുണ്ടായി. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന പാർട്ടി പ്രായോഗിക തലത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഷമ മുഹമ്മദ് കുറിച്ചത്.

ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിൽ 50 ശതമാനവും സ്ത്രീകളാണ് തലപ്പത്ത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ തീർത്തും തഴയപ്പെടുകയാണ്.

ആദ്യസഭയിൽ 6 വനിതകൾ

126 അംഗങ്ങളുണ്ടായിരുന്ന 1957ലെ ആദ്യ കേരള നിയമസഭയിൽ ആകെ ഉണ്ടായിരുന്നത് ആറ് വനിത എം.എൽ.എമാരാണ്. അവരിൽ കെ.ആർ. ഗൗരിയമ്മ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചു. എന്നാൽ ഏഴ് നൂറ്റാണ്ടിനിപ്പുറം ഇപ്പോൾ നിയമസഭയിലുള്ളത് വെറും 12 വനിതകൾ മാത്രം . ഇവരിൽ മൂന്ന് പേർ മാത്രം മന്ത്രിമാരായി. 2021ലെ പൊതുതിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളിൽ നിന്നായി ആകെ മത്സരിച്ചത് 103 വനിതാ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു. 1967ലും 1977ലും കേരള നിയമസഭയിൽ ഓരോ വനിതാ അംഗം മാത്രമാണ് ഉണ്ടായിരുന്നത്. 1996ൽ 13 വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. 1952 മുതൽ 2021 വരെയുള്ള കാലയളവിൽ വെറും 100 സ്ത്രീകളാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം -41, കോൺഗ്രസ് -28. സി.പി.ഐ -22. പതിനൊന്ന് പേർ മാത്രമാണ് ഇക്കാലയളവിൽ വനിത മന്ത്രിമാരായത്.

വോട്ടർമാരിൽ കൂടുതൽ വനിതകൾ
ജില്ലയിൽ ആകെ 21,76,973 വോട്ടർമാരാണുള്ളത്. പ്രവാസി വോട്ടർമാർ ഒഴികെയുള്ളവരുടെ കണക്കാണിത്. ഇതിൽ 10,52,014 പുരുഷ വോട്ടർമാരും 11,24,954 വനിതാ വോട്ടർമാരുമാണ്. 11 മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാണ് തന്നെയാണ് കണക്കിൽ മുന്നിൽ. തളിപ്പറമ്പിലാണ് കൂടുതൽ വനിത വോട്ടർമാരുള്ളത്. ആകെയുള്ള 2,32,280 വോട്ടർമാരിൽ 1,20,353 പേർ വനിതകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL