SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർത്ഥികൾ

election

കണ്ണൂർ: നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ട് തേടൽ തുടർന്ന് സ്ഥാനാർത്ഥികൾ. തങ്ങൾക്കനുകൂലമാക്കാനായി അവസാനവട്ട നെട്ടോട്ടത്തിലായിരുന്നു പ്രവർത്തകരും നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം. വീടുകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥന നടത്തിയ സ്ഥാനാർത്ഥികൾ മരണ വീടുകളിലും കല്യാണ ചടങ്ങിലും പങ്കെടുക്കാനും സമയം കണ്ടെത്തി. സ്ഥാനാർത്ഥികളും നേതാക്കളും ചില ബൂത്തുകളിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു.

നിശബ്ദ പ്രചാരണത്തിൽ പ്രവർത്തകരെ കാണാൻ ധർമടം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ സമയം കണ്ടെത്തി. മണ്ഡലത്തിലെ പ്രധാന ലോക്കൽ കേന്ദ്രങ്ങളിലാണ് പിണറായി വിജയൻ സന്ദർശിച്ച് വോട്ടഭ്യർഥിച്ചത്. എൽ.ഡി.എഫ് നേതാക്കളായ പി. ശശി, സി.എൻ ചന്ദ്രൻ , കെ. ശശിധരൻ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം സംബന്ധിച്ചു.

പേരാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയും മണ്ഡലത്തിലെ നേതാക്കളെ കണ്ട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫും മണ്ഡലത്തിലെ ചില ബൂത്തുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പേരാവൂരിവലെ എൻ.ഡി.എ സ്ഥാനാർത്ഥി പൈലി വാത്യാട്ടും പ്രവർത്തകരെ കണ്ടും ഗൃഹസന്ദർശനം നടത്തിയും യോഗങ്ങളിൽ പങ്കെടുത്തും, നിശബ്ദ പ്രചരണത്തിൽ സജീവമായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രവർത്തകരുമായി ചേർന്ന യോഗത്തിൽ വിലയിരുത്തി.

അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷ് ഇന്നലെ കാലത്ത് ഏഴുമണിക്കാരംഭിച്ച വോട്ട് തേടൽ രാത്രി വരെ നീണ്ടു. നീർക്കടവ്, വളപട്ടണം, കളരിവാതുക്കൽ, പള്ളിക്കുന്ന് ജയ് ജവാൻ റോഡ്, പുഴാതി, രാമതെരു, കണ്ണാടിപറമ്പ് തുടങ്ങിയ മേഖലകളായിരുന്നു ഗൃഹസന്ദർശനം. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി കാലത്ത് 9 മണിയോടെയാണ് ഗൃഹസന്ദർശനത്തിന് തുടക്കമിട്ടത്. പള്ളിക്കുന്ന്, പുഴാതി, ചിറക്കൽ, കണ്ണാടിപറമ്പ് മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് നിശബ്ദ പ്രചരണ ദിനത്തിൽ സ്ഥാനാർത്ഥി എത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥി കെ.കെ വിനോദ്കുമാർ ഇന്നലെ രാവിലെ ഏഴിന് പള്ളിക്കുളം നാലു മുക്ക് ഭാഗങ്ങളിലാണ് പ്രവർത്തകരോടൊപ്പം വീടുകളിലെത്തി വോട്ടു തേടിയത്. തുടർന്ന് കടലായി വട്ടപ്പറമ്പ്, പുതിയാപറമ്പ്, പള്ളിക്കുന്ന്, മൂന്നു നിരത്ത്, വൻകുളത്ത് ഭാഗങ്ങളിലും ഗൃഹസന്ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL