SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

ചെങ്കോട്ടകളിൽ നേതൃത്വത്തിന്   അണികളുടെ 'റെഡ് സിഗ്‌നൽ' 

sumesh
അഴീക്കോട് മണ്ഡലത്തിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷിനെ പ്രവർത്തകർ എടുത്തുയർത്തുന്നു.

കണ്ണൂർ: പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ അഭേദ്യ ശക്തികേന്ദ്രമായി കണക്കാക്കിയ കണ്ണൂർ ജില്ലയിൽ ഇത്തവണത്തെ നിയമസഭാ ഫലം വലിയ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. പയ്യന്നൂരും തളിപ്പറമ്പും പോലുള്ള കോട്ടകളിൽ വിമതർ നേടിയ അട്ടിമറി വിജയത്തോടൊപ്പം, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് മുന്നേറ്റവും ഭൂരിപക്ഷ വർദ്ധനവും ചേർന്ന് ജില്ലയിലെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചു.

പയ്യന്നൂർ മണ്ഡലത്തിൽ മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ നേടിയ വിജയം പാർട്ടിക്കുള്ളിലെ അസംതൃപ്തിയുടെ തുറന്ന പ്രകടനമായി. രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിയതിന് പിന്നാലെ പുറത്താക്കിയ നേതാവിനാണ് 7,487 വോട്ടിന്റെ വിജയം ലഭിച്ചത്. 2021ൽ ടി.ഐ മധുസൂദനൻ 49,780 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേടിയിരുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിൽ ടി.കെ. ഗോവിന്ദൻ നേടിയ 12,627 വോട്ടിന്റെ വിജയം സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനോടുള്ള അണികളുടെ പ്രതിഷേധം വോട്ടായി മാറിയതിന്റെ തെളിവായി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം തിരിച്ചടിയായി. 2021ൽ എം.വി ഗോവിന്ദൻ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് ഈ തിരിച്ചടി.

പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ സണ്ണിജോസഫ് നേടിയ വിജയം വെറും മണ്ഡലം നിലനിർത്തലല്ല. ഭൂരിപക്ഷത്തിലെ വലിയ വർദ്ധനവ് ശ്രദ്ധേയമാണ്. സി.പി.എമ്മിന്റെ ശക്തയായ സ്ഥാനാർത്ഥിയായി പരിഗണിച്ച കെ.കെ. ശൈലജയെ തോൽപ്പിച്ചതോടെ പേരാവൂർ യു.ഡി.എഫ്. കോട്ടയായി.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം പോലും വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ വിറച്ചു. മട്ടന്നൂർ, കല്യാശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് കോട്ടകളുടെ അടിത്തറയിൽ തന്നെ മാറ്റം സംഭവിക്കുന്നുവെന്ന സൂചനയായി.

ഭൂരിപക്ഷത്തിലും വൻ ഇടിവ്

2021ൽ ധർമ്മടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 50,123 ആണെങ്കിൽ ഇത്തവണ 19,247 ലേക്ക് ചുരുങ്ങി. യു.ഡി.എഫ് തരംഗത്തിൽ കല്ല്യാശ്ശേരിയിലും എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വിള്ളലുണ്ടായി. 2021ൽ 44,393 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായ കല്ല്യാശ്ശേരിയിൽ 18,433 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വിജിൻ ചുരുങ്ങി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ 60,963 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മട്ടന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ സനോജ് നേടിയ ഭൂരിപക്ഷം 14,168 വോട്ടിലേക്ക് കൂപ്പുകുത്തി. അഴീക്കോട് കെ.വി. സുമേഷ് സീറ്റ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ശ്രദ്ധേയമാണ്.

ഇരിക്കൂറിൽ റെക്കോർഡ് ഭൂരിപക്ഷം

ജില്ലയിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയത് ഇരിക്കൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫാണ്. 42,426 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇരിക്കൂറിൽ അഡ്വ. സജീവ് ജോസഫ് നേടിയത്. ഇരിക്കൂറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും റെക്കോർഡ് ഭൂരിപക്ഷം കൂടിയാണ് ഇത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10,010 വോട്ടിന്റെ ഭൂരിപക്ഷമാണ് സജീവ് ജോസഫ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL