കണ്ണൂർ: രാസവളത്തിന്റെ വിലക്കയറ്റവും ക്ഷാമവും കർഷകരെ വലയ്ക്കുന്നു. യൂറിയ ഉൾപ്പെടെയുള്ള രാസവളങ്ങളുടെ ക്ഷാമം നേരിടുന്ന കർഷകർക്ക് അതിനിടയിലെ വിലക്കയറ്റവും തിരിച്ചടിയായി. വേനൽമഴയ്ക്കു പിന്നാലെ കൃഷി തുടങ്ങിയ കർഷകർക്ക് വിലവർദ്ധന കനത്ത ആഘാതമായതിനാൽ പലരും ഒന്നാംവിള ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്.
മഴക്കാലത്തിനു മുമ്പ് വളമിട്ട് കൃഷി ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ കർഷകർ. ഫാക്ടംഫോസിനാണ് വലിയ തോതിൽ വില കൂടിയത്. രണ്ടു വർഷത്തിനു ശേഷമാണ് ഇത്തരത്തിൽ വില കൂടിയതെന്ന് വില്പനക്കാർ പറഞ്ഞു. തെങ്ങിന് ധാരാളമായി പൊട്ടാഷും ഫാക്ടംഫോസുമാണ് ഉപയോഗിക്കുന്നത്.
കർഷകർക്ക് ആവശ്യമായ വളങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല. ജൂൺ പകുതിയോടെ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ എന്നീ വിളകൾക്കും നെൽകൃഷിക്കും നിലവിൽ വളമിടൽ സീസൺ ആണ്. രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്‌സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്‌സിഡിയുടെ പരിധിയിലുള്ളത്.
സബ്സിഡി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. 2023-24 വർഷത്തിൽ 65,199 കോടി സബ്സിഡി നൽകിയത് 2024-25ൽ 52,310 കോടിയായും 2025-26ൽ 49,000 കോടിയായും വെട്ടിക്കുറച്ചു. ഇതോടെ നെൽക്കർഷകർ ആശ്രയിക്കുന്ന ഫാക്ടംഫോസ് ഒരു ചാക്കിന് 50 രൂപ വർദ്ധിച്ച് 1475 രൂപയിൽ നിന്ന് 1525 ആയി. വില ഇനിയും ഉയരാനാണ് സാദ്ധ്യത. പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയുള്ളത് 1975 ആയി. യൂറിയ 45 കിലോ ചാക്കിന് 267 രൂപയാണ്.
ചിലവ് കൂടി, വരുമാനം കുറവ്
യൂറിയ, ഡി.എ.പി, പൊട്ടാഷ് പോലുള്ള വളങ്ങളുടെ വില കൂടുമ്പോൾ കർഷകർക്ക് കൃഷിക്കായി കൂടുതൽ പണം ചിലവാക്കേണ്ടി വരുന്നു. വായ്പയെടുക്കാതെ കൃഷി നടത്താൻ പറ്റില്ലെന്ന അവസ്ഥയാണ്. വളം സമയത്ത് കിട്ടാതെ വരുന്നതോടെ വിളയുടെ വളർച്ച കുറയുകയും ഉത്പാദനം താഴുകയും ചെയ്യുന്നു. പശ്ചിമേഷ്യൻ സംഘർഷം രാസവളം മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉത്പാദന ചിലവ് കൂടിയതോടെ സ്വകാര്യ രാസവളം നിർമാതാക്കൾ വിലകൂട്ടി. ഇതോടൊപ്പം പൂഴ്ത്തിവയ്പ് കൂടിയായതോടെ വലിയതോതിൽ വില കയറി.
രാസവള വിലക്കയറ്റവും ക്ഷാമവും വലിയ പ്രതിസന്ധിയാണ്. ലോൺ എടുത്ത് കൃഷി ചെയ്യുക എന്നത് ചെറുകിട കർഷകർക്ക് വലിയ പ്രതിസന്ധിയാണ്. അധികാരമേറ്റ സർക്കാരെങ്കിലും വിഷയത്തിൽ ഇടപെടണം.
കെ.പി ബാലകൃഷ്ണൻ , കർഷകൻ, ശ്രീകണ്ഠാപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |