കണ്ണൂർ: പുതിയ അദ്ധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണികളിൽ പ്രതീക്ഷിച്ച വിൽപ്പനയില്ലെന്ന് ചെറുകിട കച്ചവടക്കാർ. നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായ സ്റ്റേഡിയം കോർണ്ണറിലെല്ലാം വ്യാപാരികൾ നിരാശയിലാണ്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ വളരെ കുറവാണെന്നും വർഷം കഴിയുന്തോറും ഇതാണ് അവസ്ഥയെന്നും വ്യാപാരികൾ പറഞ്ഞു.
ഇക്കുറിയും ട്രെന്റിനൊപ്പമാണ് വിപണിയെങ്കിലും എല്ലാ പഠനോപകരണങ്ങൾക്കും വലിയ വില തന്നെ ഉണ്ട്. 399 മുതൽ ബാഗുകൾ ലഭ്യമാണ്. പ്രമുഖ ബ്രാന്റുകളുടെ ബാഗുകൾക്ക് 3000 രൂപ വരെ വിലയുണ്ട്. 420 രൂപ മുതലാണ് സ്റ്റീൽ ടിഫിൻ ബോക്സുകളുടെ വില. വാട്ടർ ബോട്ടിലുകൾ 100 മുതൽ 250 രൂപ വരെയും ബോക്സിന് 50 രൂപ മുതലും കിട്ടും. കുട 150 രൂപ മുതൽ ലഭ്യമാണ്. നോട്ടു ബുക്കുകൾ 40 മുതൽ 80 രൂപ വരെ വ്യത്യസ്ത വിലകളിൽ ലഭ്യമാണ്. ഇറേസറുകൾ, ഷാർപ്പ്നർ, പൗച്ച് എന്നിവയും ഏറെ വ്യത്യസ്തതയോടെയാണെത്തിയിട്ടുള്ളത്.
കുട്ടികളെ ആകർഷിക്കുന്നതിനായി കാർട്ടൂൺ കഥാപാത്രങ്ങളായ ചോട്ടാഭീമിന്റെയും ഡോറ ബുജിയുടെയും പോക്കിമോന്റെയും സ്പൈഡർമാന്റെയുമെല്ലാം ചിത്രം പതിപ്പിച്ച ബാഗുകളും കുടകളും ബോക്സുകളുമൊക്കെ വിപണിയിലുണ്ട്. ബാഗിനും കുടയ്ക്കുമാണ് ഏറെ ഡിമാന്റെന്ന് കച്ചവടക്കാർ പറഞ്ഞു.
ഓൺലൈൻ വിപണി തിരിച്ചടിയായി
ഓൺലൈനിലൂടെയാണ് മിക്കയാളുകളും സാധനങ്ങൾ വാങ്ങുന്നത്. കുട്ടികൾക്കും അതിനോടാണ് പ്രിയം. ഇഷ്ടപ്പെട്ട സാധനം ഇഷ്ട നിറത്തിലും രൂപത്തിലും കിട്ടുന്നുവെന്നതാണ് പ്രത്യേകത. പുറത്തുള്ള കടകളെ അപേക്ഷിച്ച് വിലക്കുറവുമുള്ളതിനാൽ രക്ഷിതാക്കൾക്കും താത്പര്യം. സമയവും ലാഭിക്കാം. ഇഷ്ടമായില്ലെങ്കിൽ തിരിച്ചയക്കാം. പ്രമുഖ ബ്രാന്റുകളുടെ സാധനങ്ങൾ വിലക്കുറവിലും കിട്ടും. പ്രത്യേക ഓഫറുകളും കൂപ്പണുകളുമുപയോഗിച്ചാൽ പിന്നെയും വിലക്കുറവുണ്ടാകുമെന്നതും നേട്ടമാണ്. ഇതിനു പുറമെ ചില മാളുകളിൽ ചൈനീസ്, കൊറിയൻ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതും ആളുകളെ ഏറെ ആകർഷിക്കുന്നുണ്ട്. ഇതിനു പുറമെ വിവധ മേളകൾ, സൊസൈറ്റി സ്‌കൂൾ മാർക്കറ്റുകൾ എന്നിവയും ചെറുകിട കച്ചവടക്കാർക്ക് പ്രതിസന്ധിയായി.
ഹിറ്റായി കുട്ടിച്ചങ്ങായി
ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച സ്‌കൂൾ മാർക്കറ്റ് കുട്ടിച്ചങ്ങായിൽ വലിയ തിരക്കാണ്. വിവിധ ബ്രാൻഡുകളുടെ സ്‌കൂൾ ബാഗുകൾ 50 ശതമാനംവരെ വിലക്കുറവിൽ ഇവിടെ ലഭിക്കും. കുടകൾക്ക് 20-25 ശതമാനം വിലക്കുറവാണുള്ളത്. ഇന്ത്യൻ ബ്രാൻഡുകൾക്കൊപ്പം കൊറിയൻ ബ്രാൻഡ് കുടകളും വില്പനയ്ക്കുണ്ട്. നോട്ടുബുക്കുകൾക്ക് പൊതുവിപണിയേക്കാൾ മുപ്പത് ശതമാനം വിലക്കിഴിവുണ്ട്. റെയിൻ കോട്ട്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ തുടങ്ങിയവയും മറ്റ് സ്റ്റേഷനറി സാധനങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |