SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ സ്ക്വാഡ്

drawn
ഡ്രോൺ സ്‌ക്വാഡിന് പരിശീലനം നൽകുന്നു

ഇരിട്ടി: കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ റേഞ്ചിന്റെയും ആറളം വൈൽഡ്ലൈഫ് റെയ്ഞ്ചിന്റെയും നേതൃത്വത്തിൽ വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫിന് ആധുനിക വന്യജീവി നിരീക്ഷണ ഉപകരണങ്ങളുടെ പരിശീലനം സംഘടിപ്പിച്ചു. തർമ്മൽ ഡ്രോൺ, നൈറ്റ് വിഷൻ തർമ്മൽ ബൈനോകുലർ, ആസ്ക ലൈറ്റ്, ക്യാമറ ട്രാപ്പ് എന്നിവയുടെ പ്രവർത്തനവും ഫീൽഡ് ഉപയോഗവും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം.

ചെന്നൈയിലെ ആർ.എഫ്.എൽ.വൈ ഇന്നോവേഷനിൽ നിന്ന് വിദഗ്ദ്ധ പരിശീലനം നേടിയ സി.എൻ അനന്തു പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വന്യജീവി നിരീക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അടിയന്തര സാഹചര്യങ്ങളിൽ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും പരിശീലനത്തിൽ വിശദീകരിച്ചു.

മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി ആറളം ഫാം, ആറളം പുനരധിവാസ മേഖലകളിൽ പ്രശ്നകാരികളായ കാട്ടാനകളെ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി കണ്ണൂർ ഡിവിഷന്റെയും ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെയും നേതൃത്വത്തിൽ പരിശീലനം നേടിയവരെ ഉൾപ്പെടുത്തി പ്രത്യേക ഡ്രോൺ സ്‌ക്വാഡും രൂപീകരിച്ചു.

രാത്രികാലങ്ങളിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കൃത്യമായി കണ്ടെത്തുന്നതിനും അവയെ സുരക്ഷിതമായി വന്യജീവി സങ്കേത മേഖലയിലേക്ക് തിരിച്ചുതുരത്തുന്നതിനുമായി തെർമൽ ഡ്രോണുകൾ ഉപയോഗപ്പെടുത്തും. കൂടാതെ ഫെൻസിംഗുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തിരിച്ചറിഞ്ഞ് സ്ഥലത്തെത്തി പരിശോധനയും നിരീക്ഷണവും നടത്തുന്നതിനും രാത്രികാല പട്രോളിംഗിനും ഈ സാങ്കേതിക സംവിധാനം സഹായകരമാകും.

ഡ്രോൺ സ്‌ക്വാഡിന്റെ ടീം ലീഡറായി ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപ്പൊയിലും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിഷ്ണു പായം, സി.എൻ അനന്തു എന്നിവർ ടീമിന്റെ എക്സ്പേർട്സ് ആയും പ്രവർത്തിക്കും.

തിരഞ്ഞെടുക്കപ്പെട്ട ഫീൽഡ് സ്റ്റാഫിനെ ഉൾപ്പെടുത്തി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘം വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും അടിയന്തര ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനുമായി പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL