
തൃശൂർ: ഉപഭോക്തൃസൗഹൃദ ചട്ടങ്ങളടങ്ങിയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഭേദഗതി നിർദ്ദേശങ്ങൾ കെ.എസ്.ഇ.ബി പാലിക്കുന്നില്ലെന്ന ആരോപണവുമായി വിവരാവകാശ പ്രവർത്തകനും ദേശമംഗലം സ്വദേശിയുമായ സി.ബി. അനൂപ്. വൈദ്യുതി തടസപ്പെടുകയോ സേവനങ്ങളിൽ കാലതാമസം വരികയോ ചെയ്താൽ ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ സ്വാഭാവികനഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ കെ.എസ്.ഇ.ബി പാലിക്കുന്നില്ലെന്നാണ് പരാതി. ഇതിനെതിരെ റെഗുലേറ്ററി കമ്മിഷനു പരാതി നൽകുമെന്നും സി.ബി. അനൂപ് പറഞ്ഞു.
ഇക്കൊല്ലം മാർച്ച് അഞ്ചിനാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചട്ടം ഭേദഗതികളോടെ വിജ്ഞാപനം ഇറക്കിയത്. ആറുമാസത്തിനകം എല്ലാ ഉപഭോക്താക്കൾക്കും 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതി, ഡീസൽ ജനറേറ്റർ സെറ്റുകൾ ഒഴിവാക്കൽ, പരാതിപ്പെടാതെത്തന്നെ നഷ്ടപരിഹാരം നൽകൽ, തകരാറുകൾ പരിഹരിക്കാനുള്ള കുറഞ്ഞ സമയപരിധി എന്നിവ നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശങ്ങൾ. എന്നാൽ ആറുമാസത്തിനിപ്പുറവും നിർദ്ദേശങ്ങൾ കെ.എസ്.ഇ.ബി പാലിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു ലഭിച്ച മറുപടി ഉയർത്തിക്കാട്ടി അനൂപ് ആരോപിച്ചു.
നൂറുരൂപ നിരക്കിൽ നഷ്ടപരിഹാരം
ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറിലെ തകരാർ പരിഹരിക്കാൻ വൈകുക, വൈദ്യുത കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ വൈകുക, ഉപഭോക്താവിന്റെ അഭ്യർത്ഥനയിൽ വൈദ്യുതിബന്ധം വിച്‌ഛേദിക്കാൻ വൈകുക തുടങ്ങിയ പിഴവുകൾക്കു ചട്ടപ്രകാരം കെ.എസ്.ഇ.ബി വൈകുന്ന ഓരോ ദിവസത്തിനും നൂറുരൂപ നിരക്കിൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഈ തുക അടുത്ത ബില്ലുകളിൽ കുറച്ചുകൊടുത്താലും മതി. റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് നടപ്പിലായാൽ ലക്ഷക്കണക്കിനു രൂപ കെ.എസ്.ഇ.ബി നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്ന് ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി സി.ബി. അനൂപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |