SignIn
Kerala Kaumudi Online
Friday, 30 October 2026 12.41 AM IST

അടുത്തില ആനന്ദേശ്വരം മഹാവിഷ്ണു ക്ഷേത്ര റോഡ് ചെങ്കല്ല് കെട്ടി അടച്ചു

ph-1
അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്ര (പാറന്തട്ട അമ്പലം )ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് ഒരു അടച്ച നിലയിൽ

പഴയങ്ങാടി: അടുത്തില ആനന്ദേശ്വരം മഹാവിഷ്ണു ക്ഷേത്ര (പാറന്തട്ട അമ്പലം) ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം അടച്ചു. പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുന്നവരാണ് സംഭവം കണ്ടത്. കഴിഞ്ഞദിവസം രാത്രി 12 വരെ ക്ഷേത്രജീവനക്കാരും മറ്റും ക്ഷേത്രാവശ്യങ്ങൾക്കായി ഇവിടെയുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം.

പ്രധാനദേവന്റെയും ഉപദേവന്റെയും ക്ഷേത്രത്തിന് മദ്ധ്യേ ക്ഷേത്രഭൂമി കൈയേറി സ്വകാര്യവ്യക്തികൾ റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര സംബന്ധമായ കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. ക്ഷേത്രഭൂമി കൈയേറി നിർമ്മിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ അത് നടപ്പാക്കുകയും ചെയ്തു.

തർക്കത്തെ തുടർന്ന് നേരത്തെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശവും നൽകിയിരുന്നു. ക്ഷേത്രനട കൈയേറിയെന്ന് പറയുന്ന സ്ഥലം പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകി. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് ക്ഷേത്രത്തിലേക്ക് പഞ്ചായത്ത് നിർമ്മിച്ച റോഡ് രാത്രിയുടെ മറവിൽ ചെങ്കല്ല് കെട്ടി അടച്ചത്.

സമീപത്തു നിർമ്മിച്ച എ.കെ.ജി വായനശാല ക്ഷേത്രഭൂമി കൈയേറി കൂടുതൽ കടത്തി കെട്ടിയിരിക്കുകയാണെന്നും ഒന്നര അടിമുതൽ നാലടി വരെ വീതിയിൽ 30 അടി നീളത്തിലാണ് ക്ഷേത്രഭൂമി കൈയേറി വായനശാല കെട്ടിടം നിർമ്മിച്ചതെന്നും ആരോപണമുണ്ട്.
ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ, സംസ്ഥാന സമിതി അംഗം സി. നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. സനൽ, മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൊതു റോഡ് അടച്ചതിനു പഞ്ചായത്തിലും പഴയങ്ങാടി പൊലീസിലും ക്ഷേത്രഭാരവാഹികൾ പരാതി നൽകി. തുടർന്ന് പരിയാരം സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് കെട്ടിയ ചെങ്കല്ലുകൾ മുഴുവൻ നീക്കം ചെയ്തത്.

അടുത്തില ആനന്ദേശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡ് തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ബന്ധമില്ലെങ്കിൽ നേതൃത്വം അതിനെ അപലപിക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം സി.പി.എം സംശയത്തിന്റെ നിഴലിൽ ആണ്.

കെ.കെ. വിനോദ്കുമാർ, ബി.ജെ.പി

കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ്

ക്ഷേത്രഭൂമി കൈയേറ്റം വിവാദമായി

പ്രധാനദേവന്റെയും ഉപദേവന്റെയും ക്ഷേത്രത്തിന് മദ്ധ്യേ ക്ഷേത്രഭൂമി കൈയേറി സ്വകാര്യവ്യക്തികൾ റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര സംബന്ധമായ കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. ക്ഷേത്രഭൂമി കൈയേറി നിർമ്മിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ അത് നടപ്പാക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL