SignIn
Kerala Kaumudi Online
Saturday, 27 June 2026 1.04 PM IST

ദേശീയപാത സർവീസ് റോഡുകളിൽ യാത്ര മുടക്കി വെള്ളക്കെട്ട്

ph-1
ധ‌ർമ്മശാല ദേശീയപാതയിൽ ആറുവരിപ്പാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് വെള്ളം കുത്തിയൊലിച്ച് വരുന്നു

കണ്ണൂർ: മഴ കനക്കുന്നതോടെ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ നെഞ്ചിടിപ്പും ഉയർന്നു. കഴിഞ്ഞ വർഷത്തെ മഴയിലെ ദുരിത യാത്ര ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്കയാണ് പലർക്കും. കാരണം ഈ ദിവസങ്ങൾക്കിടയിൽ പെയ്ത മഴയിൽ തന്നെ ദേശീയപാതയിൽ സർവീസ് റോഡിൽ പലയിടത്തും വെള്ളക്കെട്ട് ഭീഷണിയാണ്. മഴ കൂടുതൽ കനക്കുന്നതോടെ എന്താകും സ്ഥിതി എന്ന ആശങ്കയാണ് യാത്രക്കാർക്ക്.

കല്ല്യാശ്ശേരി, ധർമ്മശാല, പിലാത്തറ, ചാല, പള്ളിക്കുന്ന് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായിരുന്നു .പലയിടത്തും അടിപ്പാതകളും സർവ്വീസ് റോഡുകളും വെള്ളത്തിനടിയിലായി. റോഡിലെ കുഴികൾക്ക് പുറമെ വെള്ളക്കെട്ടും ഭീഷണിയായതോടെ മഴക്കാല യാത്ര ദുരിതപൂർണ്ണമായി.

എംബാങ്ക്മെന്റ് ദേശീയപാതയ്ക്ക് മുകളിൽ നിന്നും മഴവെള്ളം ശക്തിയായി സർവീസ് റോഡിലേക്ക് കുത്തിയൊലിക്കുകയും വെള്ളം അവിടെ കെട്ടിക്കിടക്കുകയുമാണ്. സർവ്വീസ് റോഡിൽ ഗതാഗതതടസ്സവുമുണ്ടാകുന്നു. ഡ്രൈനേജിന്റെ പുറത്ത് സർവീസ് റോഡിലേക്കു വെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുകയാണ്. മാങ്ങാട്, കരിവെള്ളൂർ, ഓണക്കുന്ന്, മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗൺ, എടക്കാട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ അടിപ്പാതകളിലും വെള്ളം കെട്ടിനിൽക്കുന്നു.

ചെളിവെള്ളം വീടുകളിലേക്കും

കല്ല്യാശ്ശേരിയിൽ ദേശീയപാതയോട് ചേ‌ർന്ന പല വീടുകളുടെ മുറ്റം വരെയും ചെളിവെള്ളമാണ്. സർവീസ് റോഡിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജും കൾവർട്ടുമാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. പലയിടങ്ങളിലും ഓടകളിലെ വെള്ളം സുഗമമായി ഒഴുകി പോകാൻ ആവശ്യമായ സൗകര്യമില്ല. വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നത് വീടുകളിലെ കിണറുകൾക്കും വൈദ്യുതി തൂണുകൾക്കും അപകടം സൃഷ്ടിക്കുകയാണ്.

വെട്ടിപ്പൊളിച്ച റോഡുകൾ അതേ അവസ്ഥയിൽ

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ റോഡ് പ്രവൃത്തികളുടെ ടെൻഡർ പൂർത്തിയാക്കിയിട്ടും കരാറുകാർ പണി തുടങ്ങിയില്ല. മഴയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ട റോഡുകളെല്ലാം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇതിലൂടെയുള്ള യാത്ര വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ദുരിതമാകും. ജില്ലയിൽ പലയിടത്തും വാട്ടർ അതോറിറ്റി വിവിധ പ്രവൃത്തികൾക്കായി വെട്ടിപൊളിച്ച റോഡുകൾ ഇപ്പോഴും അതേ അവസ്ഥയിലാണ്. പണിക്കായി റോഡരികിൽ കുഴിച്ച കുഴികൾ വലിയ അപകട ഭീഷണിയാണ്.

കഴിഞ്ഞ വർഷം വെള്ളക്കെട്ട് കാരണം പിലാത്തറ, പയ്യന്നൂർ, കരിവെള്ളൂർ എന്നിവിടങ്ങിലെല്ലാം മണിക്കൂറുകളോളം വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത സ്ഥിതിയുമുണ്ടായിരുന്നു.

രവീന്ദ്രൻ,​ പരിയാരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL